കൊച്ചി: പാലക്കാട് കണ്ണാടി ഇരട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് ജീവപര്യന്തവും 10വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തവും പത്തുവര്‍ഷം തടവുശിക്ഷയും വെവ്വേറെ അനുഭവിക്കണം.

2006ല്‍ പാലക്കാടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണാടിയില്‍ വൃദ്ധ ദമ്പതികളായ കുമാരനുണ്ണിനായര്‍, ആനന്ദവല്ലിയമ്മ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. പ്രതിയായ ബാബു വൃദ്ധ ദമ്പതിമാരുടെ അയല്‍വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമാണ്.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.