Administrator
Administrator
20 പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; പ്രതി ഒളിവില്‍
Administrator
Wednesday 9th March 2011 10:32am

കുമ്പള: കാസര്‍ക്കോട് കുമ്പളയില്‍ 20 ഓളം നാടോടിക്കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ പ്രതി ഒളിവില്‍. കുമ്പള കുണ്ടങ്കരയടുക്കയില്‍ ഗുജിരിക്കട നടത്തുന്ന നരസിംഹ നായ്ക്ക്കാണ് ഒളിവില്‍ പോയത് . കുമ്പളയിലെ കന്നഡ മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് വിധേയരായത്.

സ്‌കൂളിന് സമീപം ഗുജിരിക്കടയും അതോടൊപ്പം മഡ്ക്ക ചൂതാട്ടവും നടത്തിവരുന്ന നരസിംഹനായ്ക്ക് ഓരോ കുട്ടികള്‍ക്കും 100 രൂപയും മിഠായിയും നല്‍കിയാണ് മാസങ്ങളായി പീഡിപ്പിച്ച് വന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ കൈവശം 100ന്റെ നോട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപികമാര്‍ അന്വേഷിച്ചപ്പോഴാണ് ഗുജിരിക്കട നടത്തുന്ന നരസിംഹ നായ്ക്കാണ് പണം തന്നതെന്ന് കുട്ടികള്‍ പറഞ്ഞത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പീഢനവിവരം പുറത്ത് വന്നത്. അധികൃതര്‍ കാസര്‍കോട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തി കുട്ടികളില്‍ നിന്നും വിശദമായ മൊഴിയെടുത്തു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തുകയും എസ്.പിക്കും കലക്ടര്‍ക്കും പരാതി നല്‍കുകയും ചെയ്തു. അതിനിടെ കഴിഞ്ഞ ഒന്നരവര്‍ഷമായി പീഡനം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോട്ടറി വില്‍പ്പനക്കാരനെതിരേ നിരവധിതവണ പരാതിയുയുര്‍ന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അപലപനീയം: ജസ്റ്റിസ് ശ്രീദേവി

നാടോടികളായ കുട്ടികളെ പീഡിപ്പിച്ചു എന്ന വാര്‍ത്ത പൈശാചികവും അപലപനീയവുമാണെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്.ഡി. ശ്രീദേവി പറഞ്ഞു. കുട്ടികളെ നേരായ വഴിക്ക് നടത്താന്‍ അച്ചനമ്മമാര്‍ക്ക് ബാധ്യതയുണ്ടെന്നും ശ്രീദേവി പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

കുമ്പള: കുമ്പള ഗവ.യു.പി.സ്‌കൂളിലെ ഇരുപതോളം വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധപ്രകടനം നടത്തിയ എം.എശ്.എഫ്-യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചു. വ്യാപാരിയുടെ ചൂതാട്ട കേന്ദ്രത്തിലേക്കാണ് ഇവര്‍ പ്രകടനം നടത്തിയത്. സംഘര്‍ഷം വീഡിയോയില്‍ പകര്‍ത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിക്കുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ചാനല്‍ റിപ്പോര്‍ട്ടര്‍ സന്ദീപ്, കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ കുട്ടന്‍, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ഹനീഷ് എന്നിവര്‍ക്കാണ് പോലീസിന്റെ ലാത്തിയടിയേറ്റത്.

എം.എസ്.എഫ്.പ്രവര്‍ത്തര്‍ പ്രദേശത്തെ ലോട്ടറി കച്ചവടക്കാര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ചിലര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്നാണ് പരാതി. ഇതേ സംഭവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരും, ചുമട്ടുതൊഴിലാളികളും കുമ്പള ടൌണില്‍ പ്രകടനം നടത്തി.

ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന്‍, ലീഗ് നേതാക്കളായ ഗോള്‍ഡണ്‍ അബ്ദുള്‍ ഖാദര്‍, കെ.കെ.അബ്ദുല്ല കുഞ്ഞി, കോണ്‍ഗ്രസ് നേതാവ് മഞ്ചുനാഥ ആള്‍വ, ജില്ലാ പഞ്ചായത്തംഗം ഫരീദ സക്കീര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

ഐ.ജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കാസര്‍കോട്: കുമ്പള പോലീസ് സ്‌റ്റേഷനില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഐ.ജി.റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുമ്പള എ.എസ്.ഐ.യുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകരെ തള്ളുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തത്. സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി.ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കുമ്പള പോലീസ് സ്‌റ്റേഷനിലെത്തി മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും തെളിവെടുപ്പ് നടത്തി. എ.എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് മര്‍ദ്ദിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളും ഡി.വൈ.എസ്.പി. പരിശോധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസ്‌ഫോറം ഭാരവാഹികള്‍ ഐ.ജി.യെ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

Advertisement