പാരവെപ്പിന്റെ അസൂയയുടേയും ഹോള്‍സെയ്ല്‍ മാര്‍ക്കറ്റാണ് ബോളിവുഡ് എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ അത് ഇത്ര ഭീകരമാണെന്ന് മനസിലായത് നടി കങ്കണ റാവത്തിന്റെ സങ്കടങ്ങള്‍ കേട്ടപ്പോഴാണ്. ബോളിവുഡിലെ ചിലര്‍ തന്നെ കരിതേച്ചു കാണിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നടിയുടെ പരാതി. സിനിമാരംഗത്തെ പലര്‍ക്കുനേരെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താനും അതിന്റെ ഇരയാവുകയാണെന്നാണ് നടി ദുഃഖത്തോടെ പറയുന്നത്.

ഹിന്ദി സിനിമാരംഗത്തെ ചില കുബുദ്ധികള്‍ തന്നെ താറടിച്ചുകാണിക്കാന്‍ മനപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി. ഇതിനായി കച്ചകെട്ടി ഇറങ്ങിയ കുറേ പേരുണ്ട്. എത്ര പണം ചിലവഴിക്കാനും ഇവര്‍ക്ക് മടിയില്ലെന്ന് താരം തുറന്നടിച്ചു. സ്‌നേഹവും അനുകമ്പയും കൊതിക്കുകയാണ് താന്‍. ആരില്‍ നിന്നും അത് ലഭിക്കുന്നില്ല. മറ്റുള്ളവരുടെ നേട്ടത്തില്‍ അസൂയപ്പെടുകയും അവരുടെ വീഴ്ചകളെ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് തന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെന്നും ബോളിവുഡ് സുന്ദരി കുറ്റപ്പെടുത്തി.

സിനിമാരംഗത്ത് തനിക്ക ചിറ്റമ്മ പദവിയാണ് മിക്കവരും നല്‍കുന്നത്. താരങ്ങളുടെ മക്കള്‍ ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ പോലും അത് ആഘോഷമാക്കും. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള തന്നെപ്പോലുള്ളവരെ ചവിട്ടിമെതിക്കുകയാണെന്നും കങ്കണ പരിഭവിച്ചു.