കോട്ടയം: പുതിയ ആഡംബര കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മറുപടിയുമായി കാഞ്ഞിരപ്പള്ളി മെത്രാന്‍.

ആഡംബര കാര്‍ വിവാദം അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Dont Miss ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് യോഗി ആദിത്യനാഥ് പൊലീസിന്റെ വി.ഐ.ടി ട്രീറ്റ്: വീഡിയോ പുറത്ത് 


ആരോഗ്യസ്ഥിതിയും പ്രായവും ദീര്‍ഘമായ യാത്രകളും കണക്കിലെടുത്ത് സുരക്ഷിതമായി പോകുന്നതിനാണ് കാര്‍ വാങ്ങിയത്. കാഞ്ഞിരപ്പള്ളി രൂപതയില്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ചിലെ ദുര്‍ഘടമായ പ്രദേശങ്ങളിലെ യാത്രയ്ക്കായി വാങ്ങിയ കാര്‍ ഒരു വിവാദമായതിന് പിന്നില്‍ ഗൂഢ താല്‍പര്യങ്ങളാണുള്ളത്.

ഒരേ കേന്ദ്രത്തില്‍ നിന്നും തുടര്‍ച്ചയായ അപകീര്‍ത്തിപരത്തുന്ന വിവാദം വരുന്നത് സഭാ സമൂഹവും, പൊതു സമൂഹവും തിരിച്ചറിയും. ഇതിന് പിന്നില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്താന്‍ എന്നും മുന്‍നിരയിലുള്ളവരാണെന്നും മാത്യു അറയ്ക്കല്‍ പറഞ്ഞു.

തികച്ചും പരിസ്ഥിതി സൗഹൃദമായ കാറാണ് വാങ്ങിയത്. പഴയ കാര്‍ പകരം നല്‍കി കമ്പനി നല്‍കിയ ഓഫറിലാണ് പുതിയ ടൊയോട്ട ഹൈബ്രിഡ് കാര്‍ വാങ്ങിയത്. ഇത് വിവാദമാക്കേണ്ടതില്ല. ഇതു ഫാം ടോം ഉഴുന്നാലിന്റെ മോചനവുമായി കൂട്ടികലര്‍ത്തി വിവാദമാക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നതിനാണെന്നും മാത്യു അറയ്ക്കല്‍ പറയുന്നു.

ടോം ഉഴുന്നാലിന്റെ ദീന സ്ഥിതി എന്നും സഭയുടെയും വിശ്വാസികളുടെയും വേദനയാണ്. അദ്ദേഹത്തെ മോചിപ്പിക്കുന്നതിനായുള്ള എല്ലാ പരിശ്രമങ്ങളും രാജ്യത്തിന്റെ ഭരണ നേതൃത്വവും വത്തിക്കാനും നടത്തുന്നുണ്ട്. ഇത്തരം നീക്കങ്ങളെ അട്ടിമറിക്കാനുള്ള സങ്കുചിത നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ന്യായമായും സംശയിക്കുന്നതായും ബിഷപ്പ് പറഞ്ഞു.

ഫാ. ടോം ഉഴുന്നാലില്‍ മോചനദ്രവ്യം കൊടുക്കാന്‍ ഇല്ലാതെ തീവ്രവാദികളുടെ തടവറയില്‍ കഴിയുമ്പോള്‍ 45 ലക്ഷം മുടക്കി പുതിയ കാര്‍ വാങ്ങി മെത്രാന്‍ വിലസുകയാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരണമുയര്‍ന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു സഭാ വിശ്വാസി മെത്രാന് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു.