കൊച്ചി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും വീണ്ടും കൊമ്പുകോര്‍ക്കുന്നു. കോച്ച് ഫാക്ടറി വൈകുന്നതിന് സംസ്ഥാനത്തിന്റെ നിലപാടാണ് തടസമെന്ന് കേന്ദ്രറയില്‍വേ സഹമന്ത്രി ഇ അഹമ്മദിന്റെ പ്രസ്താവനയാണ് വാദപ്രതിവാദത്തിന് തുടക്കമിട്ടത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു.

ഫാക്ടറിക്ക് സ്ഥലം കൈമാറിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ചില ഉപാധികള്‍ വച്ചതാണ് പദ്ധതിവൈകാന്‍ കാരണമായതെന്നായിരുന്നു ഇ അഹമ്മദ് അഭിപ്രായപ്പെട്ടത്. എറണാകുളം-പൂനെ സൂപ്പര്‍ എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പൊതുമേഖലയില്‍ ആരംഭിക്കാനിരുന്ന പദ്ധതി സ്വകാര്യമേഖലയിലേക്ക് മാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വിജയകുമാര്‍ ആരോപിച്ചു.