ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ ഡിഎംകെ നേതാവും എം.പിയുമായ കനിമൊഴി സിബിഐയുടെ ദില്ലിയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കനിമൊഴിയ്‌ക്കൊപ്പം അറസ്റ്റിലായ കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട.

ഇത് രണ്ടാം തവണയാണ് കനിമൊഴി ജാമ്യാപേഷ സമര്‍പ്പിക്കുന്നത്. നേരത്തെ കനിമൊഴി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജി.എസ്.സിങ് വി, ബി.എസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ജാമ്യാപേക്ഷ തള്ളിയത്.

ഇരുവരുടെയും ജാമ്യാപേക്ഷ ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും. ടു ജി കേസില്‍ മെയ് 20നാണ് ഇരുവരും അറസ്റ്റിലായത്.

2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.