ന്യൂദല്‍ഹി: കൊടിപിടിച്ച പ്രവര്‍ത്തകരോ, ആരാധകരോ കൂടെയില്ലാതെ തിഹാര്‍ ജയിലിലെത്തിയ കനിമൊഴിക്ക് കൊതുകുകള്‍കൂട്ട്. ജയില്‍ച്ചട്ടങ്ങളുടെ ഭാഗമായി മുക്കുത്തിയും ഊരിവയ്പ്പിച്ചതോടെ രാജയുടെ പാത പിന്തുടര്‍ന്ന് ജയില്‍ജീവിതത്തിന്റെ ദിനങ്ങളിലേക്ക് കനിമൊഴിയും എത്തിച്ചേര്‍ന്നു.

ജയിലിലെ പത്തടി വീതിയും പതിനഞ്ചടി നീളവുമുള്ള ആറാം നമ്പര്‍ മുറിയാണ് കനിമൊഴിയിക്ക് ലഭിച്ചത്. സെല്ലിനോട് ചേര്‍ന്ന് കര്‍ട്ടന്‍കൊണ്ടു മറച്ച കുളിമുറിയും സജ്ജീകരിച്ചിട്ടുണ്ട്. എ.സിയുടെ സുഖശീതളിമയില്‍ അന്തിയുറങ്ങിയിരുന്ന കനിമൊഴിക്ക് കൊതുകുകള്‍ കൂട്ടായെത്തിയതോടെ തിഹാറിലെ ആദ്യദിനം തന്നെ ഉറക്കം നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. കൊതുകുതിരിക്കായി അധികൃതരെ സമീപിച്ചെങ്കിലും ലഭിച്ചില്ല. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ വി.ഐ.പി തിരുടന്‍മാര്‍ എത്തിയതോടെ തിഹാര്‍ ജയില്‍ ഇതിനകം തന്നെ ഏറെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. കനിമൊഴിയെ പാര്‍പ്പിച്ച ആറാം നമ്പര്‍ മുറിയാണെങ്കില്‍ കലൈജ്ഞര്‍ ടി.വി എം.ഡി ശരത് കുമാറിന് ലഭിച്ചത് നാലാം നമ്പര്‍ മുറിയാണ്. ഇതേവിഭാഗത്തില്‍ തന്നെയാണ് കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ പിടിയിലായ സുരേഷ് കല്‍മാഡിയും കഴിയുന്നത്.

രണ്ടാഴ്ച്ചയിലൊരിക്കല്‍ കനിമൊഴിയുടെ ബന്ധുക്കള്‍ക്ക് സന്ദര്‍ശനം അനുവദിക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയില്‍പ്പുള്ളികള്‍ക്ക് കഴിക്കാന്‍ സാമ്പാറും ഇഡ്ഡലിയും വടയും ലഭിക്കുന്നത് കനിമൊഴിക്ക് അനുഗ്രഹമാണ്. എന്തായാലും ശിഷ്ട ജീവിതം അഴിക്കുള്ളില്‍ത്തന്നെയാകുമോ അതോ കരുണാനിധിയും കൂട്ടരും കനിമൊഴിയെ പുറത്തിറക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.