kanimozhiന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴി സമര്‍പ്പിച്ച ജാമ്യേപേക്ഷ ദല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതി തള്ളി. കലൈജ്ഞര്‍ ടി.വി എം.ഡി ശരദ്കുമാറിന്റെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്.

കനിമൊഴിയെയും ശരത് കുമാറിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുവരേയും ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഷഹിദ് ബല്‍വയുടെ ഉടമസ്ഥതയിലുള്ള ഡിബി റിയാലിറ്റിയില്‍നിന്നും 200 കോടിരൂപയുടെ പണമിടപാട് കലൈഞ്ജര്‍ ടി.വി നടത്തിയെന്ന ആരോപണമാണുള്ളത്.

എന്നാല്‍ വിധിയില്‍ ആശ്ചര്യമില്ലെന്നും നിയമപരമായി നേരിടുമെന്നും വൈകാരികമായി കനിമൊഴി പറഞ്ഞു.

കൈക്കൂലി വാങ്ങല്‍, കോഴവാങ്ങാന്‍ പ്രേരിപ്പിക്കല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് കനിമൊഴിക്കും ശരത്കുമാറിനുമെതിരേ ചുമത്തിയിരിക്കുന്നത്. കനിമൊഴിക്ക് ജാമ്യം അനുവദിക്കണമെന്നും സ്ത്രീയെന്ന പരിഗണന അവര്‍ക്ക് നല്‍കണമെന്നും അഭിഭാഷകന്‍ പ്രത്യേക കോടതിക്കു മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കനിമൊഴിക്ക് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് എ.രാജയെ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. രാജ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. സ്വാന്‍ ടെലികോമിലെ വിനോദ് ഗോയങ്ക, യൂനിടെകിലെ സജ്ഞയ് ചന്ദ്ര, റിലയന്‍സ് അനിര്‍ധീരുഭായ് അംബാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരായ ഗൗതം ദോഷി, ഹരി നായര്‍, സുരേന്ദ്ര പിപാര എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.