ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതികേസില്‍ ഡി.എം.കെ. എം.പി.കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സി.ബി.ഐ പ്രത്യേക കോടതി നവംബര്‍ മൂന്നിലേക്ക് മാറ്റിവച്ചു. ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന കലൈഞ്ജര്‍ ടി.വി എം.ഡി.ശരത്കുമാര്‍, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വ, സിനിയുഗ് ഫിലിംസ് ഡയറക്ടര്‍ കിരണ്‍ മൊറാനി, കുസഗാവോണ്‍ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് ഉടമകളായ രാജീവ് അഗര്‍വാള്‍, ആസിഫ് ബല്‍വ എന്നിവരുടെ ജാമ്യാപേക്ഷയിലും അന്ന് വിധി പ്രസ്താവിക്കും. ഇതോടെ കനിമൊഴിയും മറ്റുള്ളവരും അന്നുവരെ ജയിലില്‍ കഴിയേണ്ടി വരും.

നേരത്തെ കേസ് വാദം നടക്കുന്നതിനിടെ ഇവര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ.രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ.ചന്ദോലിയ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ബല്‍വ എന്നിവരുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തു.

Subscribe Us:

2 ജി അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കനിമൊഴി പ്രത്യേക സി.ബി.ഐ കോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കനിമൊഴിയ്ക്കും കലൈഞ്ജര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരദ് കുമാറിനും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അല്‍ത്താഫ് അഹമ്മദ് ചൂണ്ടിക്കാട്ടി.