kanjangad-nabidina-raly

കാഞ്ഞങ്ങാട് പരപ്പയില്‍ നബിദിന റാലിയില്‍ പച്ച യൂണിഫോമണിഞ്ഞ് നടന്ന മാര്‍ച്ച്‌

കാസര്‍ക്കോഡ് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിനത്തില്‍ പട്ടാള വേഷം ധരിച്ച് മാര്‍ച്ച് നടത്തിയത് വിവാദമായിരിക്കയാണ്. ആദ്യം കാഞ്ഞങ്ങാട് നടത്തിയ മാര്‍ച്ചില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ യൂണിഫോമിനോട് സാദൃശ്യമുള്ള വേഷം ധരിച്ചതിന്റെ പേരില്‍ നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൊട്ടടുത്ത ദിവസം പരപ്പയിലും പച്ച നിറത്തിലുള്ള പട്ടാള യൂണിഫോമണിഞ്ഞ് നബിദിന റാലി നടക്കുകയുണ്ടായി. പരപ്പയിലും മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കയാണ്. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന് കീഴിലുള്ള കമ്മിറ്റികളിലാണ് രണ്ട് സംഭവവും നടന്നത്.

ചില തീവ്രവാദ സംഘടനകളാണ് ഇതിന് പിന്നിലുള്ളതെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡി.ജി.പിയും വ്യക്തമാക്കിയിട്ടുണ്ട്. സംഭവം വിവാദമായ സാഹചര്യത്തില്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെല്ലിക്കോത്ത് ഡൂള്‍ന്യൂസ് പ്രതിനിധി റഫീഖ് മൊയ്തീനുമായി സംസാരിക്കുന്നു.

? കാസര്‍ഗോഡ് നബിദിന റാലിയില്‍ പോലീസിന്റെയും സൈന്യത്തിന്റെയും യൂണിഫോം ധരിച്ച് യുവാക്കള്‍ മാര്‍ച്ച് ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണല്ലോ. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്?.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മറ്റിയുടെ കീഴില്‍ 70 മഹല്ലുകളാണ് ഉള്ളത്. കാഞ്ഞങ്ങാട് ടൗണിനോട് അടുത്തുള്ള നാലഞ്ചു മഹല്ല് ജമാഅത്തുകളുടെ നബിദിന റാലി എല്ലാ വര്‍ഷവും ടൗണില്‍ വരാറുണ്ട്. അങ്ങിനെ ടൗണില്‍ വന്ന നാലഞ്ചാളം ജമാഅത്തുകളുടെ നബിദിന റാലിയില്‍ വ്യത്യസ്ത വേഷം ധരിച്ച സ്‌കൗട്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ചില വിഭാഗങ്ങളാണ് ഈ പട്ടാള വേഷത്തോട് സാമ്യമുണ്ട് എന്നു പറയപ്പെടുന്ന വേഷം ധരിച്ചിട്ടുണ്ടായിരുന്നത്.

? ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് നല്‍കാനുള്ള വിശദീകരണം എന്താണ്? എന്ത് ഉദ്ദേശ്യത്തോട് കൂടിയാണ് അത്തരമൊരു റാലി നടത്തിയത്?

ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അത് വിപണിയില്‍ ഇഷ്ടം പോലെ കിട്ടുന്ന ഡ്രസ്സ് ആണെന്ന് വ്യക്തമായിരിക്കയാണ്. വളരെ ആകര്‍ഷണീയമായ വേഷമാണത്. അതിനപ്പുറത്ത് അത് ഒരു പട്ടാള വേഷമാണ് എന്ന പരിഗണന വെച്ചിട്ടല്ല അവര്‍ അത് ചെയ്തത്. അതില്‍ തന്നെ ചില ടീമുകള്‍ ഈ വേഷം വാടകക്കെടുത്ത് വന്നതാണ്. മാണിക്കോത്ത് ജമാഅത്തിന്റെ ഒരു സ്‌കൗട്ട് വിഭാഗം ധരിച്ച ഡ്രസ്സുകള്‍ കണ്ണൂരില്‍ നാടകത്തിനും സിനിമക്കും വാടകയ്ക്ക് കൊടുക്കുന്ന ഒരു ടീമിന്റെ അടുത്തു നിന്നും വാടകയ്‌ക്കെടുത്ത് കൊണ്ടു വന്നതാണ്. അപ്പോള്‍ ഒരു ആകര്‍ഷണത്തിന് വേണ്ടി ധരിച്ചു എന്നല്ലാതെ വിമര്‍ശകര്‍ ഉന്നയിക്കുന്നത് പോലെ ഒരു ആക്ഷേപവും ഇല്ല.

മറ്റൊന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത് ഒരു പത്തോ നൂറോ പിള്ളേര്‍ക്ക് മാര്‍ച്ച് ചെയ്യാനുള്ള ട്രെയിനിംഗ് കൊടുക്കാന്‍ വിദേശത്ത് നിന്നൊക്കെ ആള് വരണമെങ്കില്‍; സി.പി.ഐ.എം ഇപ്പോള്‍ തിരുവനന്തപ്പുരത്ത് നടത്തിയ റാലിയില്‍ അണിനിരന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക്, ബി.ജെ.പിയും ആര്‍.എസ്.എസ്സും കാലാകാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന റൂട്ടു മാര്‍ച്ചുകള്‍ക്കൊക്കെ പരിശീലനം കൊടുക്കാന്‍ നേപ്പാളില്‍ നിന്നും ചൈനയില്‍ നിന്നുമെല്ലാം ആളുകള്‍ വരുന്നുണ്ടോ എന്നത് അവരുടെ നേതാക്കന്മാര്‍ വ്യക്തമാക്കണം.

ഇപ്പോള്‍ ഒരു പരിശീലനവും വിദേശത്ത് നിന്ന് വരുന്ന തീവ്രവാദവുമായൊക്കെ ബന്ധിപ്പിക്കേണ്ട കാര്യമില്ല. വിമര്‍ശകര്‍ ഇതിനെ പോസറ്റീവ് ആയി കാണുകയായിരുന്നു വേണ്ടത്. രാജ്യ സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പ്രവാചകന്റെ ഒരു വചനമുണ്ട്. ആ പ്രവാചകന്റെ ജന്മദിനത്തില്‍ ഏതെങ്കിലും കുട്ടികള് രാജ്യത്തിന്റെ പട്ടാളത്തിന്റെ ഡ്രസ്സിന് സാമ്യമുള്ള ഡ്രസ്സ് ധരിച്ചിട്ടുണ്ടെങ്കില്‍ അത് രാജ്യത്തോടുള്ള പ്രതിബദ്ധതയുടെയും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ് എന്നുള്ള പ്രഖ്യാപനത്തിന്റെയും ഭാഗമായിട്ട് കാണുകയായിരുന്നു വേണ്ടത്.

അതിന് പകരം എന്തിനും ഏതിനും ഈ നെഗറ്റീവ് കണ്ടുകൊണ്ട് ഒരു സമുദായത്തെ ചാപ്പകുത്തുന്ന നിലപാട് ബി.ജെ.പി എടുക്കുന്നത് നമുക്ക് മനസ്സിലാക്കാം, പക്ഷേ സി.പി.ഐ.എമ്മും ആ നിലപാടിലേക്ക് വരുമ്പോള്‍ ബി.ജെ.പിയുമായി സി.പി.ഐ.എം മത്സരിക്കുകയാണ് എന്നാണ് തോന്നുന്നത്. ഒരു ഭൂരിപക്ഷ സമുദായ ധ്രുവീകരണത്തെ പാര്‍ട്ടിക്കനുകൂലമാക്കാന്‍ ബി.ജെ.പിയോട് മത്സരിച്ചു കൊണ്ട് മാത്രമെ സി.പി.ഐ.എമ്മിന് ഒരു ഇടമുള്ളൂ എന്ന് സി.പി.ഐ.എം മനസ്സിലാക്കുന്നതായാണ് ദേശാഭിമാനിയും സി.പി.ഐ.എമ്മിന്റെ നേതാക്കന്മാരുടെ പ്രതികരണവുമൊക്കെ കാണുമ്പോള്‍ തോന്നിപ്പോകുന്നത്.

ഇതിലൊന്നുമില്ല. പോലീസിനോട് ഈ കാര്യത്തില്‍ വളരെ വ്യക്തമായി ഞങ്ങള്‍ സഹകരിച്ചിട്ടുണ്ട്. യൂണിഫോമിന്റെ ഒരു ജോഡി ജമാഅത്തുകളൊക്കെ പോലീസിന് കൊടുത്തിട്ടുണ്ട്. അത് പരിശോധിച്ച് നിയമപരമായി എന്താണോ നിയമം അനുശാസിക്കുന്നത് പോലെ നീങ്ങിക്കോട്ടെ, അതിലൊന്നും ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല. പക്ഷേ ഈ കാഴ്ചപ്പാടിനോട് യോജിക്കാന്‍ പറ്റുന്നില്ല എന്നു മാത്രം. ഈ കുട്ടികളെല്ലം മാര്‍ച്ചിന്റെ ട്രയല്‍ നടത്തിയത് റോഡിന്റെ ഓരങ്ങളിലാണ്. പോലീസിനോട് ഞങ്ങള്‍ കാലേകൂട്ടി വിവരമറിയിച്ചിരുന്നു. നബിദിനവുമായി ബന്ധപ്പെട്ട് വളണ്ടിയര്‍ പരേഡ് ഉണ്ട്, പരേഡിന് വേണ്ടി കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ട്. രാത്രിയായിരിക്കും പരിശീലനം. ആ സമയത്ത് മറ്റൊന്നും തെറ്റിദ്ധരിച്ച് നിങ്ങള്‍ അവരെ ബുദ്ധിമുട്ടിച്ചേക്കരുത് എന്ന് പോലീസുകാരോട് പറയുകയും ചെയ്തതാണ്. ഇതില്‍ ആയുധം ഉപയോഗിക്കേണ്ടയോ ശക്തി പ്രകടിപ്പിക്കേണ്ടയോ കാര്യമില്ലാത്തൊരു പരിശീലനമായിരുന്നു. അച്ചടക്കത്തോടെ റോഡിലൂടെ നടന്ന് പോകാന്‍ വേണ്ടിയുള്ള പരിശീലനമായിരുന്നു അത്.

? സൈന്യത്തിന്റെയും പോലീസിന്റെയും യൂണിഫോം ധരിച്ച് റാലി നടത്തിയതല്ലേ വിവാദമായിരിക്കുന്നത്. നിയമപരമായി അനുമതി വാങ്ങാതെയല്ലേ നിങ്ങള്‍ അത്തരത്തില്‍ റാലി നടത്തിയത്?

നിയമപരമായി അനുമതി വാങ്ങിയിട്ടില്ല എന്നു പറഞ്ഞാല്‍ ഇവിടുത്തെ പോലീസ് സംവിധാനവുമായിട്ട് ഞങ്ങള്‍ സംയുക്ത ജമാഅത്തിന്റെ ഭാരവാഹികള്‍ എസ്.പിയായിരുന്ന ശ്രീശിവനോട് പെര്‍മിഷന്റെ കാര്യം സംസാരിച്ചു. എ.എസ്.പിക്ക് അപേക്ഷ കൊടുത്താല്‍ മതി എന്ന് അദ്ദേഹം പറഞ്ഞു. എ.എസ്.പി കര്‍ണ്ണാടക കേഡറില്‍ നിന്ന് വന്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് ഞങ്ങള്‍ പറഞ്ഞതിന്റെ രൂപമൊന്നും മനസ്സിലാകാത്തതു കൊണ്ട് ഞങ്ങള്‍ വീണ്ടും ഇക്കാര്യം എസ്.പിയുടെ ശ്രദ്ധയില്‍ പെടുത്തി. അപ്പോള്‍ എസ്.പി ഇതിനുള്ള അധികാരം സി.ഐക്ക് കൊടുത്തു, സി.ഐ വേണുഗോപാലിനോട് സംസാരിച്ചാല്‍ മതി എന്നു പറഞ്ഞു. നബിദിനത്തിന് തലേദിവസം എ.എസ്.പിയും സി.ഐയും എസ്.ഐയും കൂടി സംയുക്ത ജമാഅത്ത് ഭാരവാഹികളെ വിളിച്ച് ഈ വിഷയങ്ങളൊക്കെ സംസാരിച്ചു. ടൗണില്‍ വരുന്ന നാലഞ്ചു റാലികളും മഹല്ലുകളില്‍ നടക്കുന്ന ബാക്കിയുള്ള റാലികളും ഗതാഗത തടസ്സമില്ലാതെ നടത്തണം എന്ന് വാക്കാല്‍ അനുവാദം നല്‍കുകയും ചെയ്തു.

? അവരോട് ഇത്തരത്തില്‍ സൈനിക യൂണിഫോമുകളില്‍ മാര്‍ച്ച് നടത്തുന്നുണ്ടെന്ന കാര്യവും പറഞ്ഞിരുന്നോ?

അല്ലല്ല, പട്ടാള വേഷം എന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് റാലി നടന്നതിന് ശേഷമാണ്. കുട്ടികള്‍ അണിഞ്ഞ യൂണിഫോമുകളില്‍ പച്ച, നീല, മഞ്ഞ, ചുവപ്പ് ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള വേഷങ്ങള്‍ അവര്‍ തിരഞ്ഞെടുത്തിരുന്നു. അതില്‍ ഒന്ന് ഈ പറയുന്ന പട്ടാള വേഷത്തോട് സാമ്യമുള്ളതായിപ്പോയി. ഇത് മംഗലാപുരത്തുള്ള ഒരു തുണിഷോപ്പില്‍ നിന്നാണ് ഒരു ടീം വാങ്ങിയിട്ടുള്ളത്. അവര്‍ ഇത് സാധാരണ വില്‍ക്കുന്ന ഒരു ക്ലോത്ത് ആണ്. അല്ലാതെ അത് ഒരു നിയന്ത്രണമോ റെസ്‌പെക്ടോ വെച്ചിട്ടുള്ള തുണി ആയിരുന്നില്ല. അത് ആളുകള്‍ക്ക് വില്‍ക്കാന്‍ പാടില്ലെങ്കില്‍ വില്‍പ്പനക്ക് നിയന്ത്രണം വേണ്ടേ? മറ്റൊരു ടീം ഞാന്‍ നേരത്തെ പറഞ്ഞത് പോലെ കണ്ണൂരില്‍ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥലത്തു നിന്നാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഏഴിമല നാവിക അക്കാദമിയുടെ പുറത്തുള്ള എക്‌സിബിഷനില്‍ പട്ടാളത്തിന്റെ എല്ലാ യൂണിഫോമുകളും അവരുടെ സിംബല്‍ മാറ്റിയിട്ട് വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. അതൊന്നും നിയമവിരുദ്ധമല്ലാത്ത ഒരു നാട്ടില്‍ ഏതോ ചെറുപ്പക്കാര്‍ ഒരു അട്ട്രാക്ഷനുവേണ്ടി ധരിച്ചത് ഒരു ഇഷ്യു ആക്കി എടുക്കുന്നതില്‍ യാതൊരു കാര്യവുമില്ല.

? ആദ്യം കാഞ്ഞങ്ങാട്ടാണല്ലേ ഇത്തരത്തില്‍ റാലി നടന്നത്?

നബിദിനത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വളണ്ടിയര്‍മാരുടെ മാര്‍ച്ച് 30 വര്‍ഷമായി നടന്നു വരുന്നതാണ്. ആദ്യം വെള്ളയായിരുന്നു യൂണിഫോം. പിന്നെ കുട്ടികള്‍ കാലക്രമേണെ ഒരു അട്രാക്ഷനു വേണ്ടി യൂണിഫോം നിറം മാറ്റി.

? ഇത്തരത്തില്‍ യൂണിഫോം ധരിച്ച് കാഞ്ഞങ്ങാട്ട് മാര്‍ച്ച് നടത്തിയത് കേസായിട്ടും വീണ്ടും അതേപോലെ പരപ്പയില്‍ മാര്‍ച്ച് നടത്തിയത് എന്തിനായിരുന്നു?

പരപ്പയില്‍ പട്ടാള വേഷമൊന്നും ഉണ്ടായിരുന്നില്ല. ലൈറ്റ് ഗ്രീന്‍ യൂണിഫോം ആണ് പരപ്പയില്‍ വളണ്ടിയര്‍ മാര്‍ച്ച് നടത്തിയ ടീം അണിഞ്ഞിരുന്നത്. തുര്‍ക്കിയിലെ ഉസ്മാനിയ ഖലീഫമാരുടെ കാലം മുതല്‍ ഇസ്ലാമിക ലോകത്തുണ്ടായിരുന്ന മുസ്ലിം ഭരണകൂടത്തിന്റെ സിംബലായിട്ടാണ് പച്ച ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ആ ഒരു ഗ്രീന്‍ ടച്ച് ചെയ്യുക എന്നല്ലാതെ ഏത് പട്ടാളത്തിന്റെ സാമ്യമാണ് അതിന് ഉണ്ടായിരുന്നത്? പിന്നെ പച്ച എന്നു പറയുന്നത് പാക്കിസ്ഥാനാണെങ്കില്‍ ചുവപ്പ് ചൈനയാണ്. ചൈന ഇന്ത്യയോട് നിരന്തരം യുദ്ധം ചെയ്ത രാജ്യമാണ്. അങ്ങിനെയെങ്കില്‍ ഇവിടെ ചുവപ്പ് ആരും ഉപയോഗിക്കാന്‍ പാടില്ലല്ലോ.

? അതായത് മഹല്ലുകളിലെ യുവാക്കള്‍ തന്നെയാണ് ആ വേഷത്തില്‍ അണിനിരന്നത്?

അതെയതെ.

? പരപ്പയിലെ പട്ടാള വേഷത്തിലുള്ള മാര്‍ച്ചില്‍ ഉസാമ ബിന്‍ ലാദന്റെയും മറ്റുമൊക്കെ വേഷത്തില്‍ അണിനിരന്നതായി പറയുന്നുണ്ടല്ലോ?

ഏയ്, അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല. അതെല്ലാം പോലീസ് കണ്ടതല്ലേ. അതിന്റെയൊക്കെ സി.ഡി ഉണ്ടാകുമല്ലോ. തലപ്പാവും താടിയുമുള്ള മനുഷ്യനെ കാണുമ്പോഴേക്ക് അത് ഉസാമയാണ് സവാഹിരിയാണ് എന്നൊക്കെ തോന്നുന്നത് ചില ആളുകളുടെ മനസ്സില്‍ കാര്യമായ രോഗമുളളത് കൊണ്ടാണ്. അത് ചില മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട്.

? അന്വേഷണത്തിന്റെ ഭാഗമായി വീടുകളില്‍ റെയ്ഡ് നടത്തി പട്ടാള യൂണിഫോമുകള്‍ കണ്ടെടുത്തു എന്ന് വാര്‍ത്ത ഉണ്ടായിരുന്നല്ലോ?

ഇതില്‍ വല്ല ആസൂത്രണമോ തെറ്റായ ലക്ഷ്യമോ ഇല്ലാത്തതു കൊണ്ട് ഞങ്ങള്‍ക്കൊന്നും മറച്ചു വെക്കാനില്ല. അതുകൊണ്ട് പോലീസിന് ഞങ്ങള്‍ തന്നെയാണ് യൂണിഫോം എത്തിച്ചു കൊടുത്തത്. പിന്നെ, പോലീസിന് കേസന്വേഷണത്തിന് അവരുടേതായ ചില ഭാഷ്യങ്ങള്‍ ഉണ്ട്. ഹാജരായവനെയും പോലീസ് റെയ്ഡ് ചെയ്ത് പിടിച്ചു എന്നൊക്കെ പറയും. അതുപോലെ പോലീസ് പറഞ്ഞു എന്നല്ലാതെ ഇവിടെ ഒരു വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിട്ടില്ല. നടത്തേണ്ടി വന്നിട്ടില്ല. കാരണം ഓരോ സ്ഥലത്തും ഉപയോഗിച്ച യൂണിഫോമിന്റെ ഓരോ സെറ്റ് ഞങ്ങള്‍ പോലീസിന് കൊടുത്തിട്ടുണ്ട്. വാടകയ്ക്ക് വാങ്ങിയ സ്ഥലത്തെ കടയുടെ അഡ്രസ്സും കൊടുത്തു. വാങ്ങി തയ്പ്പിച്ച യൂണിഫോമിന്റെ സാധനം വാങ്ങിയ ബില്ല് കൊടുത്തിട്ടുണ്ട്.

? കാസര്‍ഗോഡ് പോലെ രാഷ്ട്രീയപരമായും മതപരമായും വളരെ സെന്‍സിറ്റീവ് ആയ ഒരു സ്ഥലത്ത് ഇത്തരമൊരു മാര്‍ച്ച് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ?

നിങ്ങള്‍ പറയുന്ന തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും കാസര്‍ഗോഡ് ഇല്ല. അടുത്ത കാലത്ത് കാസര്‍ഗോട്ട് അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്ക് പള്ളിക്കമ്മറ്റിക്കാര് പോകുന്നു. പള്ളികളിലെ ഉറൂസിന് അമ്പലക്കമ്മറ്റിക്കാര്‍ അരിയും സാധനങ്ങളുമായി വരുന്നു. കാഞ്ഞങ്ങാട് തന്നെ കളിയാട്ടം നടന്ന ഇടത്ത് ഞങ്ങള്‍ സംയുക്ത ജമാഅത്തിന്റെ ഭാരവാഹികളെല്ലാം പോയി.

ഈ നബിദിനിഘോഷ യാത്രക്ക് പലസ്ഥലത്തും ഹിന്ദുക്കള്‍ മധുര പലഹാരങ്ങളൊക്കെ കൊടുത്തു. എം.പി കരുണാകരന്‍, എം.എല്‍.എ ചന്ദ്രശേഖരന്‍, അവിടുത്തെ ഫാദര്‍, ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പടെ എല്ലാ സമുദായക്കാരും അണിചേര്‍ന്ന ഘോഷയാത്രയാണ് പരപ്പയില്‍ നടന്നത്.

അല്ലാതെ നിങ്ങള്‍ പറയുന്ന പോലെ കമ്മ്യൂണല്‍ ഒന്നു അല്ല പ്രശ്‌നം. കമ്മ്യൂണല്‍ ആകെയുള്ളത്, കാസര്‍ഗോഡിന്റെ ഒരു പ്രത്യേക രാഷ്ട്രീയ അന്തരീക്ഷത്തില്‍ കാസര്‍ഗോഡിലേക്ക് കോഴിക്കോട് നിന്നും താമസം മാറ്റി എല്ലാ വിഷയങ്ങളെയും വര്‍ഗ്ഗീയവല്‍കരിച്ച് ഹിന്ദുവിനെയും മുസ്ലിമിനെയും പരസ്പരം തല്ലിപ്പിച്ച് ആ ചുളുവില്‍ ബി.ജെ.പിക്ക് കാസര്‍ഗോഡ് ജയിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുന്ന കെ. സുരേന്ദ്രന്റെ രോഗം മാത്രമെ കാസര്‍ഗോഡ് ഉള്ളൂ. വേറെ ഒരു ചുക്കും കാസര്‍ഗോഡ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഇല്ല.

Malayalam news

Kerala news in English