തിരുവനന്തപുരം:കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍  കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്തി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നോട്ടീസ് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ നിരസിച്ചു. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കണ്ടല്‍ പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍ദേശം.
നേരത്തേ പാര്‍ക്ക് പൂട്ടന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ജയറാം രമേശ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ക്ക് നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പൂട്ടുന്ന പ്രശ്‌നമില്ലെന്നും സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി വ്യക്തമാക്കിയിരുന്നു. ജയറാം രമേശ് കെ സുധാകരന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടാനുള്ളതല്ല പാര്‍ക്കെന്നും ശശി പറഞ്ഞു.

പാര്‍ക്ക് പൂട്ടണമെന്ന ഉത്തരവ് പാലിക്കാതെ സി പി ഐ എം കോടതിയെ വെല്ലുവിളിക്കുകയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ശക്തമായ ജനകീയപ്രതിരോധം കൊണ്ട് നേരിടുമെന്നും സുധാകരന്‍ വ്യക്തമാക്കി. പാപ്പിനിശ്ശേരിയിലെ വളപട്ടണം പുഴയോട് ചേര്‍ന്നാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.