മേജര്‍ രവിയുടെ ബിഗ് ബജറ്റ് ചിത്രം ‘കാണ്ഡഹാര്‍’ ഇന്നു തിയ്യേറ്ററുകളിലെത്തുകയാണ്. മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന മൂന്നാമത്തെ ചിത്രം, ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അഭിനയിക്കുന്നു, തമിഴിലെയും ബോളിവുഡിലെയും മുന്‍നിര താരങ്ങള്‍ അണിനിരക്കുന്നു, തുടങ്ങി കാണ്ഡഹാറിന് പുതുമകള്‍ ഏറെയാണ്. ഈ പുതുമകളിലൂടെ ‘കാണ്ഡഹാറി’ന് പ്രേക്ഷകമനസ്സില്‍ ഇടംനേടാനാകുമോ? ഇതിനുത്തരം ഇന്നറിയാം.

ഇതിനുമുന്‍പ് ‘കീര്‍ത്തചക്ര’യിലും ‘കുരുക്ഷേത്ര’യിലും മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവനാണ് ‘കാണ്ഡഹാര്‍’ ദൗത്യവുമായും എത്തുന്നത്. രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ ചലച്ചിത്രമാക്കി ആവിഷ്‌കരിച്ചിരിക്കുകായാണ് മേജര്‍ രവി. ഒരു ചരിത്ര സംഭവത്തെ സിനിമയാക്കുമ്പോള്‍ നേരിടുന്ന എല്ലാവെല്ലുവിളികളും ഈ ചിത്രം നേരിടുന്നുണ്ട്. രാജീവ് ഗാന്ധി ഘാതകരെ തേടിയുള്ള അന്വേഷണം പ്രമേയമാക്കി മേജര്‍ രവിയെടുത്ത ‘മിഷന്‍ 90 ഡേയ്‌സി’ന്റെ ഓര്‍മകള്‍ രവിയെ പേടിപ്പെടുത്തുന്നുണ്ടാവാം.

യാഥാര്‍ത്ഥ്യങ്ങളെ അതേ പടി അവതരിപ്പിച്ച ഈ ചിത്രത്തെ ഡോക്യുമെന്ററി എന്നുപോലും പലരും വിശേഷപ്പിച്ചിരുന്നു. പ്രമേയത്തോട്
‘മിഷന്‍ 90 ഡേയ്‌സ്’ നീതിപുലര്‍ത്തിയപ്പോള്‍ സിനിമയുടെ അവസാനം നായകന്‍ നേരിട്ട പരാജയം പക്ഷേ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനായില്ല. അത് കൊണ്ടുതന്നെ ഈ ചിത്രത്തിന്റെ വിധി രവിക്ക് നല്‍കിയ നിരാശമാത്രമായിരുന്നു.

കണ്ഡഹാറിന്റെ കാര്യത്തിലും ഇതേ വെല്ലുവിളിയാണ് രവി നേരിടുന്നത്. ഭരണകൂടം പരാജയപ്പെട്ട കാണ്ഡഹാര്‍ ദൗത്യത്തെ വെള്ളിത്തിരയിലെത്തിക്കുമ്പോള്‍ ‘മിഷന്‍ 90 ഡേയ്‌സിന്’ പറ്റിയ പിഴവ് നികത്താന്‍ മേജര്‍ രവി ശ്രമിക്കുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.