എഡിറ്റര്‍
എഡിറ്റര്‍
കോടിയേരി പറഞ്ഞതിനോടു യോജിക്കുന്നു; പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുത്, അത് സര്‍ക്കാറായാലും: കാനം രാജേന്ദ്രന്‍
എഡിറ്റര്‍
Saturday 15th April 2017 1:18pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി നല്‍കിക്കൊണ്ടുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

‘കോടിയേരിയുടെ പ്രസ്താവന ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സര്‍ക്കാറിനെ ക്ഷീണിപ്പിക്കാനാല്ല ശക്തിപ്പെടുത്താനാണ് സി.പി.ഐ ശ്രമിക്കുന്നത്.’ അദ്ദേഹം പറഞ്ഞു. അതേസമയം യു.എ.പി.എ, ജിഷ്ണുവിന്റെ അമ്മയുടെ സമരം തുടങ്ങിയ വിഷയങ്ങളില്‍ കോടയേരി പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ വ്യത്യാസമുണ്ടെന്നും കാനം പറഞ്ഞു.


Also Read: നിലമ്പൂര്‍, ജിഷ്ണു, യു.എ.പി.എ, മൂന്നാര്‍: കാനത്തിന്റെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി കോടിയേരിയുടെ മറുപടി: പൂര്‍ണരൂപം 


പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ അവസരം കൊടുക്കരുതെന്നു കോടിയേരിയുടെ അഭിപ്രായത്തോടു യോജിക്കുന്നു. സര്‍ക്കാറും മുന്നണിയുടെ ഭാഗമായ ഘടകകക്ഷികളും അതിനു വഴിവെച്ചു കൊടുക്കരുതെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫിലെ എല്ലാവരും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ശത്രുക്കള്‍ക്ക് മുതലെടുക്കാനുള്ള അവസരം ഒരുക്കരുതെന്നും കാനത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെ കോടിയേരി പറഞ്ഞിരുന്നു. കാനത്തിന്റെ അഭിപ്രായം ഉപയോഗിച്ച് രാഷ്ട്രീയ ആയുധമാക്കാനാകുമോ എന്നാണ് പ്രതിപക്ഷം നോക്കുന്നത്. ഇത്തരം അവസരങ്ങളെ ഉപയോഗിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്‍.ഡി.എഫ് ശക്തിപ്പെടുത്തുന്നതിന് സി.പി.ഐ-സി.പി.ഐ.എം യോജിപ്പ് അനിവാര്യമാണ്. രാഷ്ട്രീയമായ കാര്യങ്ങളില്‍ തര്‍ക്ക വിഷയങ്ങള്‍ ഉന്നയിക്കുന്നതും വ്യക്തതവരുത്തുന്നതും അനിവാര്യമാണ്. എന്നാല്‍ ഭരണപരമായ കാര്യങ്ങള്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement