തിരുവനന്തപുരം: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ നടന്ന കയ്യേറ്റ ശ്രമത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി പ്രതിഷേധിച്ചു. പാര്‍ട്ടി ആസ്ഥാനത്തേക്ക് കടന്ന് ചെന്നാണ് ആക്രമണത്തിന് ശ്രമിച്ചെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

ഒരു സംഘം ആര്‍.എസ്.എസ് അനുകൂലികളാണ് അക്രമ ശ്രമത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. തങ്ങള്‍ക്കെതിരെ അഭിപ്രായം പറയുകയും ആര്‍.എസ്.എസ്സിനാല്‍ നിയന്ത്രിക്കപ്പെടുന്ന കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ആശയമില്ലാത്തവര്‍ എന്നും അക്രമിച്ചു കീഴ്‌പെടുത്താന്‍ ശ്രമിക്കും’; സീതാറം യെച്ചൂരിയ്‌ക്കെതിരായ അക്രമത്തില്‍ സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം


അക്രമം കൊണ്ടും ഭീഷണി കൊണ്ടും ഇടത്-മതേതര പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനാകില്ല. ഈ സംഭവത്തില്‍ ബി.ജെ.പി നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായം പറയേണ്ടതുണ്ട്. സംഭവത്തില്‍ അതിശക്തമായി പ്രതിഷേധിക്കാന്‍ കേരളത്തിലെ ജനാധിപത്യ മതേതര ശക്തികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീതാറാം യെച്ചൂരിക്കെതിരെ നടന്ന അക്രമ ശ്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലുടനീളം പ്രതിഷേധമുയര്‍ത്താന്‍ കാനം രാജേന്ദ്രന്‍ സി.പി.ഐയുടെ പാര്‍ട്ടി ഘടകങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യെച്ചൂരിക്കെതിരായ അക്രമത്തില്‍ രാഷ്ട്രീയഭേദമന്യേ വിവിധ കോണുകളില്‍ നിന്ന് ഇതിനോടകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.