Categories

‘സി.പി.ഐയുടേത് പ്രതിപക്ഷ നയമല്ല ഇടതു നയം’; രമണ്‍ ശ്രീവാസ്തവ, നിലമ്പൂര്‍, വര്‍ഗ്ഗീസ്, മഹിജ, വിവരാവകാശം, മൂന്നാര്‍ വിഷയങ്ങളിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കാനം

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാരിനും റവന്യൂ മന്ത്രിയ്ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്. സി.പി.ഐ. മൂന്നാറില്‍ വിട്ടു വീഴ്ച്ച വേണ്ടെന്ന് സി.പി.ഐ നിര്‍വ്വാഹക സമിതി വ്യക്തമാക്കി. മുന്‍ മന്ത്രി ഇ.പി ജയരാജിനേയും മന്ത്രി എം.എം മണിയേയും പൊലീസിനേയും സി.പി.ഐ വിമര്‍ശിച്ചു.

വീണ്ടും മന്ത്രിയാകാനുള്ള ശ്രമമാണോ ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു. അതേസമയം, ജയരാജന്‍ വലിയ ആളാണെന്നും അദ്ദേഹം മുന്നണിയ്ക്ക് വേണ്ടി ചെയ്തതൊന്നും വിലയിരുത്താനാകില്ലെന്നും കാനം പരിഹസിച്ചു. മേലാവിയെന്ന പദം അദ്ദേഹം മലയാളത്തിനു നല്‍കിയ സംഭവാനയാണ്.

പൊലീസ് നടപ്പിലാക്കുന്നത് ഇടതു നയമല്ലെന്നും പൊലീസിനു മേല്‍ സര്‍ക്കാരിനു നിയന്ത്രണമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മൂന്നാര്‍ വിഷയത്തില്‍ മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും കാനം വ്യക്തമാക്കി.‘

സി.പി.ഐ പ്രതിപക്ഷമാകുന്നുവെന്ന പ്രകാശ് കാരാട്ടിന്‍െ പ്രസ്താവനയ്ക്കും കാനം മറുപടി നല്‍കി. പ്രതിപക്ഷത്തിന്റേയല്ല സി.പി.ഐയുടെ നയം ഇടതുപക്ഷത്തിന്റേതാണെന്നായിരുന്നു കാനത്തിന്റെ മറുപടി. നിലമ്പൂരിലെ മാവോയിസ്റ്റുകളുടെ കൊലപാതകം ഉദാഹരണമാണെന്നും കാനം പറഞ്ഞു. കൊലയെ അനുകൂലിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്തതത്. എന്നാല്‍ ഇന്ത്യയിലെ ഇടതുപക്ഷം നിലമ്പൂരിലെ പൊലീസ് നടപടിയെ എതിര്‍ക്കുകയാണ്. ഇടതു സര്‍ക്കാര്‍ യു.എ.പി.എ നടപ്പിലാക്കരുതെന്നും കാനം അഭിപ്രായപ്പെട്ടു.


Also Read: ‘അവനെ പൂട്ടാന്‍ കമന്ററി ബോക്‌സിനു പുറത്ത് രണ്ട് സെക്യൂരിറ്റി ഗാര്‍ഡ്‌സിനെ നിര്‍ത്തിയിട്ടുണ്ട്’; കീറോണ് പൊള്ളാര്‍ഡിനെ പരിഹസിച്ച് വീണ്ടും സഞ്ജയ് മഞ്ചരേക്കര്‍


ഇടതുപക്ഷ നിലപാടുകളില്‍ സര്‍ക്കാര്‍ ദുര്‍ബലപ്പെടുമ്പോള്‍ തടയുക എന്നതാണ് സി.പി.ഐയുടെ ലക്ഷ്യമെന്നും കാനം പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ സി.പി.ഐയ്‌ക്കൊരു നിലപാടും സി.പി.ഐ.എമ്മിന് മറ്റൊരു നിലപാട് എന്നില്ലെന്നും എല്‍.ഡി.എഫിന്റെ നിലപാടാണ് സര്‍ക്കാരിന്റെ നിലപാടെന്നും കാനം പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങളെ രഹസ്യമാക്കുന്നതിനോട് യോജിപ്പില്ലെന്നും കാനം അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമം നടപ്പാക്കരുതെന്ന് കാരാട്ടിന് പറയാകുമോ എന്ന് കാനം ചോദിച്ചു. മഹിജയുടെ സമരം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്നു പറഞ്ഞിട്ടില്ല.

മഹിജയുടെ സമരം കൊണ്ട് അവരെന്തു നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് കാനം ഇങ്ങനെ മറുപടി നല്‍കി. സമരം കൊണ്ട് എന്തുനേടിയെന്ന ചോദ്യം പണ്ടു കാലത്തു മുതലാളിമാര്‍ ചോദിച്ചിരുന്നതാണ്. മഹിജയ്‌ക്കെതിരായ പൊലീസ് നടപടി ഇടതു നയത്തിനു വിരുദ്ധമാണെന്നും കാനം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ നിയമിക്കുന്നതിലും കാനം അതൃപ്തി രേഖപ്പെടുത്തി. കെ.കരുണാകരനേയും സിറാജുന്നീസയേയും ഓര്‍മ്മ വരുന്നു എന്നായിരുന്നു കാനത്തിന്റെ പ്രതികരണം.