മധുമുട്ടത്തിന്റെ തിരക്കഥയില്‍ മഹാദേവന്‍ സംവിധാനം ചെയ്യുന്ന കാണാക്കൊമ്പത്ത് ഈ മാസം 24ന് തിയ്യേറ്ററുകളിലെത്തും. യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ നാന്‍ മഹാന്‍ അല്ലൈ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ച വിനോദാണ് നായകന്‍ നായികയായി മൈഥിലിയാണ്

ഇന്നത്തെ വിദ്യാഭ്യാസ രീതിയിലുള്ള പോരായ്മകളാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. സ്വാശ്രയകോളെജുകളില്‍ വന്‍ തുകകള്‍ കൊടുത്ത് പഠനം കഴിഞ്ഞ ഏറെ പ്രതീക്ഷകളോടെയാണ് കുട്ടികള്‍ പുറത്തിറങ്ങുന്നത്. വീട് പണയപ്പെടുത്തിയും ലോണെടുത്തും പ്രൊഫഷണല്‍ ഡിഗ്രി തരപ്പെടുത്തി പുറത്തിറങ്ങുമ്പോഴാണ് തൊഴില്‍ സാധ്യത കുറവാണെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് പലര്‍ക്കും തിരിച്ചറിവുണ്ടാകുന്നത്.

പിന്നീട് ജീവിക്കാനുമുള്ള ബദ്ധപ്പാടില്‍ ഏതു തൊഴിലും സ്വീകരിക്കാന്‍ തയ്യാറാവുന്ന അവസ്ഥയിലേയ്ക്ക് അവര്‍ എത്തുന്നു. സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളോട് ഇടകലര്‍ന്ന് കിടക്കുന്ന ഈ പ്രമേയമാണ് കാണാകൊമ്പത്ത് എന്ന പുതിയ ചിത്രത്തിന്റെ കാതല്‍. മധു മുട്ടത്തിന്റെ രചനയില്‍ മഹാദേവന്‍ തമ്പിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മൂന്നു ചെറുപ്പക്കാരും ഒരു പെണ്‍കുട്ടിയും അവളുടെ പ്രശ്‌നങ്ങളും പ്രണയവും സൗഹൃദവും ഇഴചേരുന്ന ചിത്രത്തിനെ റോഡ് മൂവിയുടെ ഗണത്തില്‍പ്പെടുത്താം. ചെറിയ ബജറ്റില്‍ 25 ദിവസത്തെ ഒറ്റഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

സ്വകാര്യ മാനേജ്‌മെന്റ് കോളെജില്‍ നിന്നുണ്ടായ സംഘര്‍ഷഭരിതമായ അവസ്ഥയില്‍ ഓടോപ്പോകുന്ന മൈഥിലിയുടെ കഥാപാത്രം മൂവന്‍സംഘത്തെ യാദൃശ്ചികമായി പരിചയപ്പെടുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. മണിച്ചിത്രത്താഴിന് ശേഷം മധു മുട്ടത്തിന്റെ കഥകളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സാമൂഹികപ്രതിബദ്ധതയുടെ പുതിയ അടയാളപ്പെടുത്തലുകളും പുതിയ തലമുറയുടെ പ്രശ്‌നങ്ങളും ഈ ചിത്രത്തെ വ്യത്യസ്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

ആനന്ദക്കുട്ടനാണ് കാണാക്കൊമ്പത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മനോജ് കെ. ജയന്‍, മധുവാര്യര്‍, കല്‍പന, സൂരാജ് വെഞ്ഞാറമൂട്, ജഗതിശ്രീകുമാര്‍, പി ശ്രൂകുമാര്‍,ഊര്‍മ്മിള ഉണ്ണി, കെ.പി.എ.സി ലളിത, കല്‍പ്പന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.