Administrator
Administrator
കാമാത്തിപ്പുരയില്‍ ബാക്കിവന്ന ശരീരങ്ങള്‍
Administrator
Tuesday 5th April 2011 7:28pm

കാമാത്തിപ്പുര- മാംസവ്യാപാരത്തിന്റേയും ലൈംഗികതൊഴിലാളികളുടേയും കേന്ദ്രം. സ്വന്തം നാടും വീടും വിട്ട് ഇറങ്ങിത്തിരിക്കാന്‍ ധൈര്യം കാണിച്ച സ്ത്രീകളും പ്രണയമെന്ന ചതിയില്‍ വീണെരിഞ്ഞവരും, സിനിമാ മോഹമെന്ന സ്വപ്‌നവുമായി ബോംബെയില്‍ (മുംബൈയില്‍) എത്തിയ സ്ത്രീകളും. എല്ലാവരും ഒടുവില്‍ ഇവിടേക്കായിരുന്നു എത്തിച്ചേര്‍ന്നിരുന്നത് അല്ലെങ്കില്‍ വലിച്ചെറിയപ്പെട്ടിരുന്നത്.

ബോളിവുഡ് സിനിമകളിലൂടെയും ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍, ഹാജി മസ്താന്‍ എന്നീ അധോലോക നായകരുടേയും പേരിനൊപ്പം ചേര്‍ത്തുവായിച്ചിരുന്ന പ്രദേശമായിരുന്ന കാമാത്തിപ്പുര. മാംസവ്യാപാരത്തിന്റെ മൊത്തവിതരണക്കാരാകാന്‍ അധോലോകം നടത്തിയ പോരാട്ടങ്ങളില്‍ ബോംബെയുടെ തെരുവുവീഥികളില്‍ നൂറുകണക്കിനു പേരുടെ ചോരയാണ് പൊടിഞ്ഞത്.

ചരിത്രത്തിലേക്ക്…
കാമാത്തിപ്പുരയുടെ ചരിത്രം 1889ലേക്കാണ് നമ്മെകൊണ്ടെത്തിക്കുക. ബ്രിട്ടനുമായുള്ള സമ്പര്‍ക്കത്തിന്റെ ഫലമായി നിരവധി ആംഗ്ലോ ഇന്ത്യന്‍ ലൈംഗികതൊഴിലാളികളുടെ വിഹാരകേന്ദ്രമായിരുന്നു ഇവിടം. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി മുംബൈ തുറമുഖത്തെത്തുന്നവരും കച്ചവടക്കാരും കൊള്ളക്കാരും രാത്രിയില്‍ സുഖം തേടിയെത്തുന്ന സ്ഥലമായിരുന്നു ഇത്. സോപ്പ്,ചീപ്പ്,കണ്ണാടി മുതല്‍ ആയുധങ്ങളും വെടിമരുന്നുകളും പടക്കോപ്പുകളും വരെ ഇവിടെ വിറ്റഴിച്ചിരുന്നു.

ഈ പ്രദേശത്തിന് ചുവന്ന തെരുവ് എന്ന് പേരുവീണതിനും ഒരു കഥയുണ്ട്. പണംകൊടുത്ത് ആവശ്യമുള്ളവരെ സ്വന്തമാക്കി കഴിഞ്ഞാല്‍ വേശ്യാലയത്തിലെ ഓരോ റൂമിനുപുറത്തും ഒരു ചുവന്ന മങ്ങിയ വിളക്ക് തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. കസ്റ്റമര്‍ തിരക്കിലാണ് അല്ലെങ്കില്‍ ഇരയെ മറ്റൊരാള്‍ സ്വന്തമാക്കികഴിഞ്ഞു എന്ന സൂചനയായിരുന്നു ഈ വിളക്കുകള്‍.

1928 ആയപ്പോഴേക്കും ലൈംഗികതൊഴിലാളികള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി തുടങ്ങി. 1950ല്‍ വ്യഭിചാരം നിരോധിച്ചെങ്കില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ബിസിനസ് തഴച്ചുവളര്‍ന്നു. എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം എയ്ഡ്‌സ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടതോടെ കാമാത്തിപ്പുരയുടെ കറുത്ത ദിനങ്ങള്‍ തുടങ്ങുകയായിരുന്നു.

1990ലെ ബൊംബെ സര്‍ക്കാറിന്റെ രേഖകളനുസരിച്ച് ഏകദേശം ഒരുലക്ഷത്തിലധികം ലൈംഗികതൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു. മാംസവ്യാപാരം നടത്തുന്നവരും മുതലാളിമാര്‍ക്കും മികച്ച ബിസിനസായിരുന്നു ഇത്. പ്രധാനമായും തലമുതിര്‍ന്ന സ്ത്രീകളായിരുന്നു ബിസിനസ് നടത്തിയിരുന്നത്. ഇരകളെ വേട്ടക്കാര്‍ക്കുവേണ്ടി എങ്ങിനെ ഒരുക്കണമെന്നും ഏതെല്ലാം രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകണമെന്നും ഇത്തരം സ്ത്രീകള്‍ക്ക് നന്നായറിയാമായിരുന്നു.

എന്നാല്‍ എയ്ഡ്‌സിന്റെ വ്യാപനം കാമാത്തിപ്പുരയിലെ ബിസിനസിനെ കാര്യമായിതന്നെ ബാധിച്ചു. അധോലോക നായകരുടെ കുടിപ്പകകളും മറ്റ്ലഹളകളും പല സ്ത്രീകളെയും ഇവിടെനിന്നും ആട്ടിയോടിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ എച്ച്.ഐ.വി ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000ലധികം വരും.

റിയല്‍ എസ്‌റ്റേറ്റ് ലോബി വരുന്നു
മുംബൈയിലെ മറ്റ് സ്ഥലങ്ങളിലെപ്പോലെ തന്നെ ഭൂമിവാങ്ങിക്കൂട്ടി മറിച്ചുവില്‍ക്കുന്നവരുടെ കണ്ണും കാമാത്തിപ്പുരയും അതുള്‍പ്പെടുന്ന പ്രദേശത്തും പതിഞ്ഞു. ഗ്രാന്‍ മാര്‍ക്കറ്റും ബൈക്കുള-മാസഗോണ്‍ പ്രദേശവും റിയല്‍ എസ്റ്റേറ്റ് ലോബികള്‍ സ്വന്തമാക്കാന്‍ തുടങ്ങി.

നിരവധി വേശ്യാലയങ്ങള്‍ നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത്. എന്നാല്‍ ലൈംഗികതൊഴിലിലെ തകര്‍ച്ചയും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ വാഗ്ദാനം ചെയ്ത പണവും വസ്തു ഉടമകളുടെ കണ്ണുമഞ്ഞളിപ്പിക്കുന്നതായിരുന്നു.

കാമാത്തിപ്പുര എന്ന പേരുതന്നെ മാറ്റാനാണ് ശ്രമം നടക്കുന്നത്. വ്യാവസായിക വളര്‍ച്ചയുടെ അത്യുന്നതങ്ങളിലെത്താനുള്ള മുംബൈയുടെ ശ്രമങ്ങള്‍ക്ക് കാമാത്തിപ്പുര തടസമാകുമെന്ന് അധികാരികള്‍ കരുതിയിരുന്നു. പല ലൈംഗികതൊഴിലാളികളെയും വാടകകെട്ടിടങ്ങളില്‍ നിന്നും പറഞ്ഞയച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട തങ്ങള്‍ ഇവിടെ നിന്നും എവിടേക്ക് പോകാനാണ് എന്നാണ് ലൈംഗികതൊഴിലാളികള്‍ ചോദിക്കുന്നത്.

കാമാത്തിപ്പുര സംരക്ഷണ സമിതിയെന്ന പേരില്‍ ഒരു സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ട്. ഇവിടെനിന്നും മാറാന്‍ തങ്ങള്‍ക്ക് നിര്‍ബന്ധിക്കപ്പെടുകയാണെന്ന് സമിതി പറയുന്നു. പൊതുവേ വാടക കുറവുള്ള, മറ്റൊരു കാമാത്തിപ്പുരയാകാന്‍ സാധ്യതയുള്ള തുര്‍ഭെയിലേക്കാണ് പലരും നീങ്ങുന്നത്.

ജീവിക്കാന്‍ വഴിയില്ല, ഒടുവില്‍ മതംമാറുന്നു
ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ കാമാത്തിപ്പുരയിലെ ലൈംഗികതൊഴിലാളികള്‍ മതംമാറുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ കൂട്ടമായി ക്രിസ്തുമതത്തിലേക്ക് മാറാനൊരുങ്ങുകയാണ്.

മറ്റൊന്നും കൊണ്ടല്ല, മറിച്ച് സമൂഹത്തില്‍ കുറച്ചെങ്കിലും അംഗീകാരം ലഭിക്കുമെന്ന് കരുതുന്നതിനാലാണ് മതംമാറ്റമെന്ന് ലൈംഗികതൊഴിലാളിയായ മംഗള്‍ പറഞ്ഞു. മുതിര്‍ന്ന ലൈംഗികതൊഴിലാളികള്‍ പുതുതായെത്തുന്നവരെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്.

മികച്ച താമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇത്തരം സംഘടനകള്‍ ലൈംഗികതൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ കാമാത്തിപ്പുരയില്‍ നിന്നും രക്ഷപ്പെടുന്ന ലൈംഗികതൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും ചില സംഘടനകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വേശ്യാത്തെരുവെന്ന പദവി കാമാത്തിപ്പുരയക്ക് നഷ്ടമാവുകയാണ്. തങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ലൈംഗികത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

Advertisement