എഡിറ്റര്‍
എഡിറ്റര്‍
പേരിനെതിരെ ഹിന്ദുമക്കള്‍ കക്ഷി: വിശ്വരൂപം സദാചാര പോലീസിന്റെ പിടിയില്‍
എഡിറ്റര്‍
Tuesday 26th June 2012 10:03am

സിനിമയ്‌ക്കെതിരെ സദാചാര പോലീസ് രംഗത്തിറങ്ങുന്നത് ആദ്യമായല്ല. പക്ഷേ കോളിവുഡില്‍ ഈ പോലീസ് ആക്രമണം അത്ര പതിവുള്ളതല്ല. എന്നാല്‍ സദാചാര പോലീസ് ഹിന്ദു മക്കളുടെ രൂപത്തില്‍ കോളിവുഡിനെയും പിടികൂടിയിരിക്കുകയാണ്.

കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപത്തിനെയാണ് ഈ പ്രതിസന്ധി പിടികൂടിയിരിക്കുന്നത്.  വിശ്വരൂപത്തിന്റെ പേരിനെതിരെയാണ് ഹിന്ദു മക്കള്‍ കക്ഷി(എച്ച്.എം.കെ) യെന്ന സംഘടന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

വിശ്വരൂപമെന്ന പേര് സംസ്‌കൃതപദമാണെന്നും തമിഴല്ലാത്ത പേര് ഈ സിനിമയ്ക്ക് പാടില്ലെന്നുമുള്ള ആവശ്യമാണ് ഹിന്ദു മക്കള്‍ കക്ഷി ഉയര്‍ത്തിയിരിക്കുന്നത്. യുവതലമുറയുടെ റോള്‍ മോഡലായ കമല്‍ഹാസന്‍ തന്റെ സിനിമയ്ക്ക് ഒരു തമിഴ് പേരിട്ട് മാതൃക കാണിയ്ക്കണമെന്ന് സംഘടന നേതാക്കള്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ ജീവിയ്ക്കുന്നയാളാണ് കമല്‍. തമിഴ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പേരും പ്രശസ്തിയും നേടിയത്. എന്നിട്ടും തന്റെ സിനിമയ്ക്ക് തമിഴ് പേരിടാന്‍ കമല്‍ തയ്യാറാവാത്തതെന്താണെന്നാണ് ഹിന്ദുമക്കള്‍ നേതാവ് കണ്ണന്‍ ചോദിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കി സിനിമയുടെ പേര് തിരുത്താന്‍ കമല്‍ തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഹിന്ദുമക്കളുടെ പ്രതിഷേധം കമലിന് പുത്തരിയല്ല. 2010 കമല്‍ നായകനായി അഭിനയിച്ച മന്മഥന്‍ അമ്പിലെ ഒരു ഗാനത്തിനെതിരെയും ഹിന്ദു മക്കള്‍ കക്ഷി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഗാനത്തില്‍ ലൈംഗിക പരാമര്‍ശങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അത് വെട്ടിമാറ്റുകയും ചെയ്തു.

Advertisement