എഡിറ്റര്‍
എഡിറ്റര്‍
ശ്രീധരനെ കൊച്ചി മെട്രോയുടെ എം.ഡിയാക്കാണമെന്ന് കമല്‍നാഥ് ആവശ്യപ്പെട്ടിട്ടില്ല: ആര്യാടന്‍ മുഹമ്മദ്
എഡിറ്റര്‍
Sunday 25th November 2012 12:34pm

കൊച്ചി: ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ എം.ഡിയാക്കണമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കമല്‍നാഥും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളിലൊന്നും ഇങ്ങനെയൊരാവശ്യം കമല്‍നാഥ് ഉന്നയിച്ചിട്ടില്ലെന്നും ആര്യാടന്‍ പറഞ്ഞു.

Ads By Google

ഇ. ശ്രീധരന് ഏതുസ്ഥാനവും നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണ്. ഏതുസ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചാല്‍മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍നിന്നും മടങ്ങിയെത്തിയ മന്ത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരനെ കൊച്ചി മെട്രോ എം.ഡി ആക്കണമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ നിര്‍ദേശം വെച്ചതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെകുറിച്ച് കേരളത്തിലെത്തിയ ശേഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രിയോട് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിരരുന്ന വിവരം.

അതേസമയം, കൊച്ചി മെട്രോയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും താന്‍ കൂടെയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ അറിയിച്ചിരുന്നു.

ദല്‍ഹി മെട്രോയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെ കൊച്ചി മെട്രോ, ഡി.എം.ആര്‍.സിയുടെ സഹകരണത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും ശ്രീധരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കൊച്ചി മെട്രോ നിര്‍മാണം ഡി.എം.ആര്‍.സി ഏറ്റെടുത്തില്ലെങ്കില്‍ താന്‍ ഉണ്ടാവില്ലെന്ന് ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡി.എം.ആര്‍.സി പങ്കാളിത്തവും സഹകരണവും വാഗ്ദാനം ചെയ്ത നിലക്ക് മെട്രോയില്‍ സജീവമാകുമെന്നാണ് ശ്രീധരന്‍ സൂചിപ്പിച്ചത്.

Advertisement