കൊച്ചി: മലയാളത്തില്‍ ഉടന്‍ തിരിച്ചുവരാനാണ് ആഗ്രഹമെന്ന് കമലഹാസന്‍. തന്റെ തമിഴ് ചിത്രമായ മന്‍മദന്‍ അമ്പിന്റെ റിലീസിങിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കമലഹാസന്‍ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.

മലയാളത്തേയും കേരളത്തെയും സ്‌നേഹിക്കുന്ന കമല്‍ മലയാളികള്‍ക്കു വേണ്ടി എന്നാണ് ഒരു സിനിമ നല്‍കുകയെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഉടന്‍ കമല്‍ മൈക്ക് ഗോകുലം ഗോപാലന് കൈമാറി. ‘കമലഹാസന്‍ സമ്മതിച്ചാല്‍ നിര്‍മ്മിക്കാന്‍ ഞാന്‍ തയ്യാര്‍’. ഗോകുലം ഗോപാലന്‍ ഇതു പറഞ്ഞതോടെ മൈക്ക് വാങ്ങി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘എനിക്ക് കൈയോടെ അ ഡ്വാന്‍സ് വാങ്ങിത്തന്നതിന് നിങ്ങള്‍ക്ക് നന്ദി’.ഇനി നല്ല കഥ കൂടി ലഭിച്ചാല്‍ മലയാള പ്രേക്ഷകര്‍ക്കു വൈകാതെ തന്റെ ചിത്രം കാണാനുളള അവസരമുണ്ടാകുമെന്നും കമല്‍ പറഞ്ഞു.

മന്‍മദന്‍അമ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം ഹൈന്ദവ ദൈവങ്ങളെ അവേഹേളിക്കുന്നതാണെന്ന തമിഴ് പ്രാദേശിക പാര്‍ട്ടിയുടെ ആക്ഷേപം സത്യമല്ലെന്നും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തന്ന സാഹച ര്യത്തില്‍ പാട്ട് പടത്തില്‍ നിന്നു ഒഴിവാക്കില്ലെന്നും കമല്‍ ഒരു ചോദ്യ ത്തിനു മറുപടിയായി പറഞ്ഞു. രജനീകാന്തുമായി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാണ് മല്‍സരമെന്നും രജനിയുടെ ഒരു ചിത്രമിറങ്ങിയാല്‍ താന്‍ പുതിയ ചിത്രം ചെയ്യാതിരിക്കുന്നതില്‍ എന്തര്‍ത്ഥമെന്നും കമല്‍ ചോദിച്ചു.