കൊച്ചി: കമല സുരയ്യയുടെ ചിത്രങ്ങളും ഫോട്ടോകളും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടുമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. കമല സുരയ്യയുടെ 72ാം ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ, ചിത്ര, പുസ്തക പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുകുന്ദന്‍. . യാത്ര പറഞ്ഞിട്ടും നമ്മുടെയിടയില്‍നിന്നും പോകാത്ത എഴുത്തുകാരിയാണ് കമല.

എഴുത്തുകാരിയെന്ന് പേരുകേട്ട കമലയുടെ ലോകമറിയാതെ പോയ കാര്യങ്ങളിലൊന്നാണ് അവരുടെ ചിത്രരചനാ പ്രാവീണ്യം. ഇത്രയധികം സര്‍ഗാത്മകമായ ചിത്രങ്ങള്‍ അനാഥമായി പോകാതിരിക്കാന്‍ സാംസ്‌ക്കാരിക മന്ത്രിയോട് അഭ്യര്‍ത്ഥിക്കും. മലയാളികളെ ഇത്രയധികം സ്‌നേഹിച്ച എഴുത്തുകാരിയെന്ന നിലക്ക് മാധവിക്കുട്ടിക്ക് നമുക്ക് തിരിച്ചു നല്‍കാന്‍ കഴിയുന്ന ഒരേയൊരു കാര്യമാണ് ചിത്രങ്ങളുടെ സംരക്ഷണമെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

കളങ്കപ്പെട്ട നക്ഷത്രമെന്നാണ് സുരയ്യയുടെ അര്‍ത്ഥമെന്നും എന്നാല്‍ ഒരിക്കലും കളങ്കപ്പെടാത്ത നക്ഷത്രമായിരുന്നു അവരെന്നും കമലയുടെ സഹോദരിയും എഴുത്തുകാരിയുമായ നാലപ്പാട്ട് സുലോചന അഭിപ്രായപ്പെട്ടു.

ഡിസി ബുക്‌സിന്റെ സഹകരണത്തോടെ നടത്തിയ ‘സ്‌നേഹസംഗമം’ പരിപാടിയുടെ ഭാഗമായാണ് വിവിധയിടങ്ങളില്‍ നിന്നും സമാഹരിച്ച കമലയുടെ ഫോട്ടോ, ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയത്. കടവന്ത്രയിലെ റോയല്‍ മാന്‍ഷന്‍ സ്‌റ്റേഡിയത്തിലുള്ള ഫ്‌ലാറ്റില്‍ നടത്തിയ ചടങ്ങില്‍ മക്കളായ ചിന്നന്‍ദാസ്, ജയസൂര്യ എന്നിവരും കുടുംബസുഹൃത്തുക്കളും പങ്കെടുത്തു.