ന്യൂദല്‍ഹി: ദേശീയപാതയുടെ വീതി കേരളം തീരുമാനിക്കട്ടെയെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ്. രാജ്യസഭയില്‍ പി സി ചാക്കോയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് കേന്ദ്രമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ദേശീയപാതയുടെ വീതി 30 മീറ്റര്‍ ആക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ 45 മീറ്റര്‍ ആക്കണമെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് നിലവിലെ അഭിപ്രായവ്യത്യാസത്തിന് കാരണമെന്നും കമല്‍നാഥ് പറഞ്ഞു.

ദേശീയ ഹൈവേ അതോറിറ്റി നിയമിക്കുന്ന സെറ്റില്‍മെന്റ് ഉദ്യോഗസ്ഥനായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. എന്നാല്‍ ഏത് ഉദ്യോഗസ്ഥനെ നിയമിക്കണം എന്നത് കേരളത്തിന് തീരുമാനിക്കുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

ദേശീയപാതയുടെ വീതി 30 മീറ്ററായി കുറക്കണമെന്ന കേരളത്തിന്റെ കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറിക്ക് കത്തയക്കാനും മന്ത്രാലയം തീരുമാനിച്ചിരുന്നു.