എഡിറ്റര്‍
എഡിറ്റര്‍
സാംസ്‌കാരിക സാമ്രാജത്വത്തിന്റെ വിശ്വരൂപം
എഡിറ്റര്‍
Monday 28th January 2013 1:19pm

സിനിമാപ്രേമികള്‍ ഏവരും കാണേണ്ട സിനിമയാണ് വിശ്വരൂപം. സിനിമ കാണുമ്പോള്‍ മഹാനായ കലാകരനോട് ഒരല്‍പ്പം ദയവ് കാണിക്കുക. കമലഹാസന്‍ മതേതരവാദിയായ കലാകരനാണ്, സാംസ്‌കാരിക വ്യവസായിയുമാണ്. വിശ്വരൂപത്തിലെ സാംസ്‌കാരിക വ്യവസായി ഭീകരവാദിയെ മാത്രമല്ല കലാകാരനെയും വെടിവെച്ച് വീഴ്ത്തിയിരിക്കുന്നു. സി.കെ അബ്ദുല്‍ അസീസ് എഴുതുന്നു.


സംവാദം / സി.കെ അബ്ദുല്‍ അസീസ്‌

ദൈവത്തിന്റെ സൃഷ്ടിപ്പുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് മതവികാരമാണെന്ന് ഏതെങ്കിലും വേദപുസ്തകങ്ങളില്‍ പറഞ്ഞതായി കേട്ടിട്ടില്ല. സൂക്ഷ്മാര്‍ത്ഥത്തില്‍ അങ്ങനെ വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഏതെങ്കിലും തിരുവചനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇനി അങ്ങനെ വല്ലതുമുണ്ടാകുമോ എന്തോ..

ബോബന്‍ സാമുവല്‍, കുഞ്ചാക്കോബോബന്‍, ബിജു മേനോന്‍ ടീമിന്റെ ക്രിസ്ത്യന്‍ വിരുദ്ധ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏതോ ഒരു സത്യക്രിസ്ത്യാനി കോടതിയില്‍ ഹരജി കൊടുത്തിരിക്കുന്നു. ഇപ്പോഴിതാ വിശ്വരൂപം മുസ്‌ലിം വിരുദ്ധമാണെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തില്‍ സിനിമ നിരോധിക്കണമെന്ന് ഒരുകൂട്ടം ശാഠ്യം പിടിക്കുന്നു.

ഈ സമയത്ത് ഹിന്ദു ഗര്‍വ്വ് പ്രകടിപ്പിക്കാന്‍ പറ്റിയ സിനിമകളൊന്നും കണ്‍മുന്നില്‍ വരാത്തതില്‍ ഖിന്നരായി കഴിഞ്ഞുകൂടുന്ന ഹിന്ദുത്വവാദികള്‍ക്ക് താത്കാലിക ആശ്വാസത്തിന് വകയൊരുക്കി വിശ്വരൂപത്തിന്റെ പേരില്‍ നടക്കുന്ന ഉന്തുംതള്ളും വാര്‍ത്തയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. സിനിമയെകുറിച്ചുള്ള അഭ്യൂഹങ്ങളാണ് മതവികാരത്തിന് തീകൊളുത്തിയിരിക്കുന്നത്.

Ads By Google

തമിഴ്‌നാട്ടില്‍ നിരോധിച്ച സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ മുസ്‌ലീംകള്‍ക്ക് നാണക്കേടാവുമോ എന്നതാവാം ആശങ്ക. അഭ്യൂഹങ്ങള്‍ പറഞ്ഞുപരത്തി മുസ്‌ലീംകളെ കുത്തിയിളക്കുന്നതും പ്രകോപിതരാക്കുന്നതും ഇന്ത്യയിലെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഒരു ചിരപുരാതന തന്ത്രമാണ്. സിനിമയുടെ വിപണന തന്ത്രമായി അതിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.

ന്യൂനപക്ഷവികാരത്തെ ചൂണ്ടയില്‍ കൊളുത്തിയാല്‍ ഭൂരിപക്ഷവികാരത്തെ കൊട്ടയിലാക്കാമെന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റേയും കമ്പോള നിയമങ്ങളിലൊന്നാണ്. കമ്പോളവും, രാഷ്ട്രീയവും കൈകോര്‍ക്കുന്നതില്‍ ഭരണഘടനാപരമായി പ്രശ്‌നങ്ങളൊന്നുമില്ല. അത് നിയമവിധേയമാണ്.

വിശ്വരൂപത്തില്‍ ഒരു മുസ്‌ലിം വിരുദ്ധ ലേബല്‍ ഒട്ടിച്ചാല്‍ ബാക്കികാര്യം ജനാധിപത്യാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യപ്പെടുമെന്ന ഒരുവിപണന തന്ത്രം ഇത്തരം പ്രചരണങ്ങളില്‍ ഉണ്ടകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ട്.

അഭ്യൂഹങ്ങള്‍ കേട്ടാല്‍ പ്രകോപിതരാകുന്നത് ഏത് മതസ്ഥരുടെ കാര്യത്തിലായാലും അത്ര നല്ലകാര്യമല്ല. വന്‍തോതില്‍ അല്ലെങ്കിലും കേരളത്തില്‍ ഇത്തരം പ്രവണതകള്‍ വേരുപിടിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

പിണറായി വിജയന്‍ സര്‍ട്ടിഫൈ ചെയ്യുന്നത് പോലെ ഒരു മതേതരപാരമ്പര്യമുള്ള കലാകാരനാണ് കമല്‍ഹാസന്‍. കലാസൃഷ്ടിയാണ് ഇവിടെ ചര്‍ച്ചാ വിഷയം. കലാകാരന്റെ സൗന്ദര്യാത്മക പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം മുഖ്യഘടകമല്ലെങ്കിലും വ്യക്തിനിഷ്ടമായ നിലപാടുകളുടെ അബോധകരമായ കലര്‍പ്പില്ലാതെ കലാസൃഷ്ടിക്ക് ജന്മം നല്‍കുക എന്നത് എത്ര മഹാനായ കലാകാരനാണെങ്കിലും അസാധ്യമാണ്.

കമല്‍ഹാസന്‍ കലാകാരന്‍ മാത്രമല്ല, സിനിമാവ്യവസായി കൂടിയാണ്. 95 കോടി മുടക്കി സിനിമ നിര്‍മിക്കുന്ന സാംസ്‌കാരിക വ്യവസായിയുടെ സൗന്ദര്യ വീക്ഷണത്തെ രൂപപ്പെടുത്തുന്നതില്‍ സമൂഹമാണോ വിപണിയാണോ മുന്‍പന്തിയില്‍ എന്ന പ്രതിവാദം അത്‌കൊണ്ടുതന്നെ അപ്രസക്തമാണ്.

സാംസ്‌കാരിക വ്യവസായിയും വിപണിയും തമ്മിലുള്ള ബന്ധത്തിന്റെ പരിവൃത്തിക്കുള്ളില്‍ നിന്നുകൊണ്ട് സ്വന്തം സര്‍ഗാത്മകതയെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ അനിയോജ്യമായ സവിശേഷ സന്ദര്‍ഭങ്ങള്‍ ഒളിച്ച് കടത്താനേ കച്ചവട സിനിമ നിര്‍മിക്കുന്ന കലാകാരന് ഇന്നത്തെ സാഹചര്യത്തില്‍ നിര്‍വാഹമുള്ളൂ.

ഈ ഒരു ആനുകൂല്യം കമല്‍ഹാസനും നിഷേധിക്കേണ്ടതില്ല. പക്ഷേ എത്ര കോടി മുടക്കിയാലും സ്വന്തം നിലപാടുകള്‍ ആവിഷ്‌കരിക്കപ്പടുന്ന ഇത്തരം അപൂര്‍വ സന്ദര്‍ഭങ്ങളുടെ സംവേദനക്ഷമത കൊണ്ട് ഒരു സിനിമയ്ക്കും മികച്ച കലാസൃഷ്ടിയായി പരിണമിക്കാവുന്നതാണ്.

വിശ്വരൂപത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ ഇതിവൃത്തം, ദൃശ്യഭാഷ, വീക്ഷണം എന്നിവയില്‍ അന്തര്‍ലീനമായ നിലപാടുകള്‍ തന്നെയാണ് പ്രധാനം.

അഭ്യൂഹങ്ങള്‍ കേട്ടാല്‍ പ്രകോപിതരാകുന്നത് ഏത് മതസ്ഥരുടെ കാര്യത്തിലായാലും അത്ര നല്ലകാര്യമല്ല. വന്‍തോതില്‍ അല്ലെങ്കിലും കേരളത്തില്‍ ഇത്തരം പ്രവണതകള്‍ വേരുപിടിക്കുന്നതില്‍ തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

സില്‍വര്‍സ്റ്റര്‍ സ്റ്റാലന്‍ അവസാനിപ്പിച്ചെടുത്തു നിന്നാണ് കമല്‍ഹാസന്‍ തുടങ്ങുന്നത്. കമല്‍ഹാസനെ നമുക്കിപ്പോള്‍ സ്റ്റാലന്റെ സ്ഥാനത്ത് സങ്കല്‍പ്പിക്കാനാകും. അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തെ ഇതിവൃത്തമാക്കി എഴുപതുകളുടെ അന്ത്യത്തില്‍ സില്‍വസ്റ്റര്‍ നിര്‍മിച്ച ഫസ്റ്റ് ബ്ലഡ് എന്ന സിനിമ വന്‍ ബോക്‌സ് ഓഫീസ് വിജയമായിരുന്നു.

വിയറ്റ്‌നാം യുദ്ധത്തില്‍ വീണുടഞ്ഞ അമേരിക്കന്‍ സൈന്യത്തിന്റെ ആത്മധൈര്യം വീണ്ടെടുക്കുക എന്നതായിരുന്നു സ്റ്റാലന്റെ ദൗത്യം. സൈന്യത്തിന്റെ മാത്രമല്ല അമേരിക്കന്‍ സമൂഹത്തിന്റേയും അടിയന്തരാവശ്യമായിരുന്നു ആ സിനിമ.

റാംബോ 1,2,3 എന്നിങ്ങനെ അത് പിന്നീട് അമേരിക്കന്‍ ഭരണകൂടത്തിന്റെ തന്നെ ഏറ്റവും മൂര്‍ച്ചയേറിയ ഐഡിയോളജിക്കല്‍ വെപ്പണ്‍ ആയി മാറി.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പരാക്രമങ്ങള്‍ പില്‍കാലത്തും സ്റ്റാലന്റെ വിഷയമായിരുന്നു. സ്റ്റാലന്‍ സിനിമകളിലെ അതിസാഹസികതയും അമേരിക്കന്‍ തീവ്രദേശീയതയും ഒരുകണക്കിന് നോക്കിയാല്‍ ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ വ്യാപ്തിയും പ്രാപ്തിയും വിപണനം ചെയ്തിരുന്ന ജെയിംസ് ബോണ്ട് സിനിമകളെ പോലും നിലംപരിശാക്കി.

ഹോളിവുഡിന്റെ ഉദാത്ത സൃഷ്ടികളെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ട് പിന്നീട് അര്‍നോള്‍ഡ് ഷ്വാള്‍സ്‌നെഗറും സ്റ്റാലന്റെ പാതയിലൂടെ തന്നെ മുന്നോട്ട് പോയി. സിനിമ വിട്ട് ഇപ്പോള്‍ അര്‍നോള്‍ഡ് ഷ്വാള്‍സ്‌നെഗര്‍ രാഷ്ട്രീയത്തിലാണ് .

റാംബോവിനേയും ജെയിംസ് ബോണ്ടിനേയും സമ്മേളിപ്പിക്കുന്ന ഇതിവൃത്തം തിരഞ്ഞെടുത്തതിലാണ് ഒരുപക്ഷേ കമല്‍ഹാസന്‍ സിനിമാവ്യവസായി എന്ന നിലയില്‍ തന്റെ ടെക്‌നിക്കല്‍ സ്‌കില്‍ പ്രകടമാക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു

Advertisement