അണ്ണാ ഹസാരെയെക്കുറിച്ച് ബോളിവുഡില്‍ ചിത്രം ഒരുങ്ങുന്നതിന്റെ പിന്നാലെ കോളിവുഡിലും ഹസാരെയെക്കുറിച്ച് സിനിമ വരുന്നു. ഹിന്ദിയില്‍ ബിഗ് ബിയാണ് ഹസാരെ ആയി വേഷമിടുന്നതെങ്കില്‍ തമിഴില്‍ ഉലകനായകന്‍ കമല്‍ ഹാസനാണ് ഹസാരെയെ അഭ്രപാളിയിലെത്തിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനായ ഷങ്കറാണ് തമിഴില്‍ ചിത്രം ഒരുക്കുന്നത്. ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായായിരിക്കും ഈ ചിത്രം. നിര്‍മ്മാതാവ് എ. എം. രത്‌നവുമായി ഈ സിനിമയുടെ ചര്‍ച്ചകളിലാണിപ്പോള്‍ താനെന്ന് ഷങ്കര്‍ അറിയിച്ചു. ഹിന്ദിയില്‍ അണ്ണാ ഹസാരെയാകാന്‍ ശാരീരികമായും മാനസികമായും കമല്‍ഹാസന്‍ ഒരുക്കം തുടങ്ങിയതായാണ് വാര്‍ത്തകള്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ആരക്ഷണ്‍ എന്ന വിവാദചിത്രത്തിന് ശേഷം പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ഹസാരെ ചിത്രത്തിന്റെ പേര് ‘സത്യഗ്രഹ’ എന്നാണ്. ഇതിന്റെ തിരക്കഥാ രചന അവസാന ഘട്ടത്തിലാണ്. ഹസാരെയുടെ നിരാഹാര സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തിരക്കഥ തയ്യാറാവുന്നത്. സമാധാനപരമായ പ്രതിഷേധത്തിലൂടെയും നിരാഹാര സമരത്തിലൂടെയും സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതാണ് പ്രമേയം.