എഡിറ്റര്‍
എഡിറ്റര്‍
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി കമല്‍ഹാസന്‍: പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 13th September 2017 10:02am

ചെന്നൈ: തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഈമാസം അവസാനത്തോടെ കമല്‍ഹാസന്‍ പുതിയ പാര്‍ട്ടി ആരംഭിക്കുമെന്നാണ് നടനുമായി അടുത്തബന്ധമുള്ളവരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കമല്‍ഹാസന്റെ നീക്കം. അടിസ്ഥാന തലത്തില്‍ തൊട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്താമെന്നതിനാല്‍ ഇതാണ് പറ്റിയ അവസരമെന്നാണ് കമല്‍ഹാസന്‍ കരുതുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. വിജയദശമിക്കോ ഗാന്ധിജയന്തിക്കോ ഉണ്ടാവാനാണ് സാധ്യത.’ കമല്‍ഹാസന്റെ അടുത്ത സഹായി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഫാന്‍സ് ഗ്രൂപ്പ് നേതാക്കളുമായി വിശദാംശങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് ഉടന്‍തന്നെ ഇതു ചെയ്യേണ്ടിവരും.’ അദ്ദേഹം പറയുന്നു.


Must Read: ‘ഇങ്ങനെയാണ് സംഘപരിവാര്‍ നക്‌സലുകളെ കൊണ്ട് ഗൗരിയെ ‘കൊല്ലിച്ചത്” ഒരു മുന്‍ നക്‌സല്‍ നേതാവിന്റെ കുറിപ്പ്


‘ ഇത് നിര്‍ണായക സമയമാണ്. തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയ ശൂന്യതയുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനകളോടുള്ള ജനങ്ങളുടെ നിലപാട് അദ്ദേഹത്തെ ഏറെ ആനന്ദിപ്പിക്കുന്നുണ്ട്. പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഫാന്‍സ് ഗ്രൂപ്പുമായും താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തികളുമായും ചര്‍ച്ച നടത്തുന്നതിന്റെ തിരക്കിലാണ് അദ്ദേഹം’ എന്നാണ് കമല്‍ഹാസന്റെ അടുത്ത സഹായിയായ മറ്റൊരാള്‍ പറയുന്നത്.

സെപ്റ്റംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

Advertisement