ചെന്നൈ: 63ാം ജന്മദിനത്തില്‍ ആരാധകരുമായി അടുത്ത് സംവദിക്കാനായി സ്വന്തം ആപ്പ് പുറത്തിറക്കി കമല്‍ ഹാസന്‍. അതേസമയം രാഷ്ട്രീയ പാര്‍ട്ടിയ്ക്കായുള്ള നടപടികള്‍ പൂര്‍ത്തിയായ വരികയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. മയ്യം വിസില്‍ എന്ന ആപ്പ് വഴി ആരാധകരുമായി സംവദിക്കാനാണ് താരത്തിന്റെ തീരുമാനം.

രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമോ എന്ന ചോദ്യത്തിന് ഞാന്‍ നേരത്തെ തന്നെ ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ സ്വന്തം പാര്‍ട്ടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ പാര്‍ട്ടി ആരംഭിക്കുമെന്നാണ് ആളുകള്‍ പറയുന്നത്. ശക്തമായ അടിത്തറ വേണം എന്നുള്ളതുകൊണ്ടാണ് ഞാന്‍ കാത്തിരിക്കുന്നത്. വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് ചോദിക്കരുത്. രാഷ്ട്രീയ പ്രവേശനത്തിനുള്ള ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. പക്ഷെ അതിനെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ലിത്.’ കമല്‍ ഹാസന്‍ പറയുന്നു.


Also Read: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീപീഡകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നു; സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്നും പി.കെ ഫിറോസ്


അതേസമയം, തന്റെ ആപ്പ് ജനങ്ങളുമായി തുറന്നു സംവദിക്കാനുള്ള ഉപാധിയായിരിക്കുമെന്നും അനീതിയുണ്ടാകുമ്പോള്‍ അത് ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. നല്ല തമിഴ്‌നാടാണ് തന്റെ സ്വപ്‌നമെന്നും അതിനായി നല്ല അടിത്തറ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം തന്റെ വിവാദമായ ലേഖനത്തിലൂടെ ഹിന്ദുക്കളെ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ ഹിന്ദു ഭീകരവാദമെന്നല്ല പറഞ്ഞതെന്നും ഹിന്ദു തീവ്രവാദമാണെന്നാണ് പറഞ്ഞതെന്നും കമല്‍ ഹാസന്‍ വിശദമാക്കുന്നു.

‘ഒരു ഹിന്ദു പശ്ചാത്തലത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. എന്റെ കുടുംബം ഹിന്ദുക്കളാണ്. അതില്‍ നിന്നും സത്യം തേടിയാണ് ഞാന്‍ പുറത്തു വന്നത്. അതിനെ ഗ്ലോറിഫൈ ചെയ്യാനോ അപമാനിക്കാനോ എനിക്ക് താല്‍പര്യമില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.