എഡിറ്റര്‍
എഡിറ്റര്‍
പനീര്‍ശെല്‍വത്തെ പുറത്താക്കാന്‍ ശശികലയ്ക്ക് എന്തധികാരം? അധികാരം ജനങ്ങള്‍ക്കാണ്: ശശികലയ്‌ക്കെതിരെ കമല്‍ഹാസന്‍
എഡിറ്റര്‍
Thursday 9th February 2017 9:49am

kamal


ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെങ്കില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് ജനങ്ങളാണ്.


ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ പിന്തുണച്ച് ചലച്ചിത്രതാരം കമല്‍ ഹാസന്‍ രംഗത്ത്. എന്തുകൊണ്ട് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അനുവദിച്ചുകൂടാ എന്നു ചോദിച്ചുകൊണ്ടാണ് കമല്‍ രംഗത്തുവന്നിരിക്കുന്നത്.

‘എന്തുകൊണ്ട് കുറച്ചുകാലം കൂടി മുഖ്യമന്ത്രി തുടരാന്‍ പനീര്‍ശെല്‍വത്തെ അനുവദിച്ചുകൂടാ? അദ്ദേഹം ആ സ്ഥാനത്തിരുന്ന് വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചയാളാണ്’ കമല്‍ഹാസന്‍ പറയുന്നു.

‘ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമല്ലെങ്കില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് ജനങ്ങളാണ്. ഇന്നത്തെ സ്ഥിതി മോശം ക്ലൈമാക്‌സാണ്. ശശികല വളരെയധികം വേദനിപ്പിക്കുന്നു.’ കമല്‍ വ്യക്തമാക്കി.

ജയലളിതയുമായി അടുപ്പമുണ്ടായിരുന്നു എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. ‘നമ്മള്‍ ആടുകളല്ല, നമുക്ക് ആവശ്യം ആട്ടിയടന്മാരെയല്ല’ തമിഴ്‌നാടിന്റെ ഇന്നത്തെ രാഷ്ട്രീയ പാരമ്പര്യത്തെ വിമര്‍ശിച്ച് കമല്‍ പറഞ്ഞു.

യുവ ഇന്ത്യ ഗാന്ധിജിയെ ബാപ്പുജിയെന്നും നെഹ്‌റുവിനെ ചാച്ചാജിയെന്നും വിളിക്കുന്നു. എന്നാല്‍ അതുപോലെ ശശികലയെ കാണേണ്ടതില്ല. സംസ്ഥാനം ഭരിക്കാന്‍ അറിയാത്തവര്‍ അതിന് നില്‍ക്കരുതെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തമിഴ് ജനത ഒരുപാട് ക്ഷമകാണിക്കുകയാണെന്നും കമല്‍ വ്യക്തമാക്കി.

ശശികല തന്നെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പനീര്‍ശെല്‍വം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിത തെരഞ്ഞെടുത്തതാണ് തന്നെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement