ന്യൂദല്‍ഹി: സംവിധായകന്‍ അനുരാഗ് കശ്യപ് വിവാഹിതനാവുന്നു. ഏപ്രില്‍ 30 നാണ് വിവാഹം. കൂട്ടുകാരിയും അഭിനേത്രിയുമായ കല്‍ക്കി കോച്ച്‌ലിനാണ് വധു. നാളുകളോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്. വിവാഹം സ്വകാര്യചടങ്ങാക്കാനുള്ള തീരുമാനത്തിലാണ് ഇരുവരും. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഊട്ടിയിലുള്ള കല്‍ക്കിയുടെ തറവാട്ടില്‍വെച്ചായിരിക്കും ചടങ്ങ് എന്നാണ് സൂചന.

കശ്യപിന്റെ രണ്ടാംവിവാഹമാണിത്. ആദ്യഭാര്യ ആരതി ബജാജില്‍നിന്ന് വിവാഹമോചനം നേടിയ കശ്യപിന് ആലിയ എന്ന പേരില്‍ ഒരു മകളുമുണ്ട്.

2009ല്‍ പുറത്തിറങ്ങിയ ദേവ് ഡി എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് 38 കാരനായ കശ്യപ്, 28 കാരിയായ കല്‍ക്കിയെ പരിചയപ്പെടുന്നത്. കന്നിച്ചിത്രമായ ദേവ് ഡിക്കു ശേഷം കശ്യപ് തന്നെ സംവിധാനം ചെയ്യുന്ന ശെയതാന്‍, ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ടസ് എന്നീ ചിത്രങ്ങളിലും നായികയാണ് കല്‍ക്കി.