മുംബൈ:ചുംബനം അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. എന്നാല്‍ പുതുമുഖം കിര്‍ത്തി കുലാരിയെ സംബന്ധിച്ചിടത്തോളം ചുംബനം ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. ‘ഷെയ്താന്‍’ എന്ന ചിത്രത്തിലെ അഭിനയാനുഭവം പങ്കിടുകയായിരുന്നു കിര്‍ത്തി.

ചിത്രത്തിലെ നായികയായ കല്‍ക്കി കോച്‌ലിയുമായുള്ള ചുംബനരംഗം തനിക്ക് വളരെയധികം ആഘാതമുണ്ടാക്കി എന്നവര്‍ പറഞ്ഞു. ‘ഞാനും കല്‍ക്കിയും തമ്മിലുള്ള ചുംബനരംഗത്തെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ലൊക്കേഷനില്‍വെച്ച് പറയുമായിരുന്നു. എന്നാല്‍ ആ രംഗം ചിത്രീകരിക്കുന്നതുവരെ ഞാനത് തമാശയായിട്ടാണ് കണ്ടത്’-കിര്‍ത്തി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘കിച്ച്ഡി’ എന്ന ചിത്രത്തിലൂടെയാണ് കിര്‍ത്തി സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ഒരു രംഗത്തുമാത്രമല്ല കിര്‍ത്തി ബുദ്ധിമുട്ടനുഭവിച്ചത്. ‘ബിജോയ് എന്ന സംവിധായകനില്‍ എനിക്ക് വളരെയധികം വിശ്വാസമുണ്ട്.ഇതുവരെ ഞാന്‍ ചെയ്യാത്തതും ചെയ്യുവാണെങ്കില്‍ ഒരുപാടു സമയമെടുക്കേണ്ടിയും വരുന്ന രംഗങ്ങളില്‍ ഞാന്‍ അഭിനയിക്കാനുളള കാരണവും  ഈ വിശ്വാസമാണ്’.

മോഡലായിട്ടാണ് കിര്‍ത്തി തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2007 ല്‍ വീഡിയോകോണ്‍, പാരച്യൂട്ട് ഹെയര്‍ ഓയില്‍, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് അവര്‍ മോഡലിംഗ് രംഗത്തെത്തുന്നത്.

മോഡലാവാന്‍ കൊതിച്ച് ഒടുവില്‍ ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെപോകുന്ന തന്യ ശര്‍മ എന്ന മോഡലിനെയാണ് കിര്‍ത്തി ‘ഷെയ്താന്‍’ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ 10 നു പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കിര്‍ത്തിയെ മാനസികമായും ശാരീരികമായും തളര്‍ത്തിയിട്ടുണ്ട്.

‘എന്നെ വളരെയധികം അലോസരപ്പെടുത്തിയ അനുഭവമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അഭിനേതാവാണെങ്കിലും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടേണ്ടിവരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ടാകും.എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ ബുദ്ധിമുട്ടായിരുന്നു’-കിര്‍ത്തി പറഞ്ഞു.