പ്രമേയത്തിന്റെയും അവതരണ രീതിയുടെയും കാര്യത്തില്‍ പഴയ ചട്ടക്കൂടുകള്‍ തകര്‍ക്ക് പുത്തന്‍ പരീക്ഷണങ്ങള്‍ മലയാള സിനിമയില്‍ നടക്കുകയാണ്. പുതുതായി നടക്കുന്ന അത്തരമൊരു പരീക്ഷണം മലയാള സിനിമയ്ക്ക് നല്‍കാന്‍ പോകുന്നത് ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ താരത്തെയാണ്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിനിമാക്കാരിയും എഴുത്തുകാരിയുമായ കല്‍ക്കിയാണ് ഈ പുതിയ താരം. ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത തമിഴ് ചിത്രം നര്‍ത്തകിയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് കല്‍ക്കിയായിരുന്നു.

രാംകന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ട്രാന്‍സ്‌ജെന്റേഴ്‌സ് നേരിടുന്ന പ്രശ്‌നങ്ങളാണ് അവതരിപ്പിക്കുക. എം.എസ് ഹാലിനാണ് ചിത്രം നിര്‍മിക്കുന്നത്.

‘ എന്റെ മോളിവുഡ് അരങ്ങേറ്റം ഏറെ പ്രത്യേകതയുള്ളതാണ്. വളരെ പ്രധാനപ്പെട്ട ഒരു റോളാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം വളരെ രസകരമാണ്.’ കല്‍ക്കി പറയുന്നു.

‘ അഭിനയം എന്നത് എന്നില്‍ പാരമ്പര്യമായുള്ളതാണ്.  ഞാന്‍ ക്യാമറയ്ക്ക് അനുയോജ്യയാണ്. ഒരു കളിമണ്ണ് പോലെയാണ് ഞാന്‍. സംവിധായകന് ഏത് രീതിയില്‍ വേണമെങ്കിലും രൂപപ്പെടുത്തിയെടുക്കാം. അങ്ങനെ എനിക്ക് എന്റെ കഴിവുകള്‍ കണ്ടെത്താനാവും.’ കല്‍ക്കി വ്യക്തമാക്കി.

രേവതി, സുഹാസിനി, സ്മിത പട്ടേല്‍, അഞ്ജലീന ജോളി എന്നീ നടിമാരുടെ ആരാധികയാണ് താനെന്നും കല്‍ക്കി വെളിപ്പെടുത്തി. മഞ്ജുവാര്യരുടെ വലിയ ആരാധികയായ തനിക്ക് അവര്‍ വിവാഹശേഷം സിനിമയിലെത്താത്തതില്‍ വിഷമമുണ്ട്. ഒരു പുരുഷ കഥാപാത്രത്തെയോ, പോക്കിരിയെയോ അവതരിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കല്‍ക്കി വ്യക്തമാക്കി.

ആദ്യചിത്രത്തില്‍ ട്രാന്‍സെക്ഷ്വലിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കല്‍ക്കി ചിത്രത്തിന്റെ തിരക്കഥയില്‍ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നിര്‍ദേശിച്ചിരുന്നു.

ട്രാന്‍സെക്ഷ്വല്‍ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹോദരി എന്ന മൂവ്‌മെന്റിന്റെ നേതൃസ്ഥാനത്തുള്ളയാളാണ് കല്‍ക്കി. അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ കൂടിയാണ് കല്‍ക്കി. ട്രാന്‍സെക്ഷ്വലുകളുടെ ലോകത്തെ വിശേഷങ്ങള്‍ അവര്‍ ദിവസവും അപ്പ്‌ഡേറ്റ് ചെയ്യും.

ട്രാന്‍സ്‌ജെന്ററുകളുമായി ബന്ധപ്പെട്ട മാധ്യമനിലപാടുകളെ കല്‍ക്കി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. തങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ വിമുഖത കാണിക്കുന്നെന്നാണ് കല്‍ക്കിയുടെ ആരോപണം.

Malayalam news

Kerala news in English