മാള്‍വ: കല്‍ക്ക എക്‌സ്പ്രസ് പാളം തെറ്റി 35 പേര്‍ മരിച്ചു. 200ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഹൗറയില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് പോകുകയായിരുന്ന കല്‍ക്ക എക്‌സ്പ്രസിന്റെ 13 ബോഗികളാണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ മാള്‍വ സ്‌റ്റേഷന് സമീപം ഇന്നുച്ചയ്ക്ക് 12.30ഓടെയാണ് അപകടം നടന്നത്. പാളം തെറ്റിയ ബോഗികളില്‍ നാല് എ.സി കോച്ചുകളും അഞ്ച് സ്ലീപ്പര്‍ കോച്ചുകളും രണ്ട് ജനറല്‍ കോച്ചുകളും ഉള്‍പ്പെടുന്നു. ദുരന്തത്തില്‍ പെട്ടവയില്‍ 10 ബോഗികള്‍ക്കും ഏറെ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത.

Subscribe Us:

അപകടത്തില്‍ ഇരുപത് പേര്‍ മരിച്ചതായി റെയില്‍വേയുടെ ചീഫ് പി.ആര്‍.ഒ അനില്‍ സെക്‌സേന മാധ്യമങ്ങളെ അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചികിത്സയ്ക്കും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണസംഖ്യ 50 ലധികമായാലും അത്ഭുതപ്പെടാനില്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍ ബ്രിജ് ലാല്‍ പറഞ്ഞു

പാളം തെറ്റിയ ബോഗികള്‍ക്കുള്ളില്‍ നൂറിലധികം യാത്രക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വെ പ്രഖ്യാപിച്ചു