Administrator
Administrator
മഴയും ചില നാട്ടുപഴക്കങ്ങളും
Administrator
Sunday 1st August 2010 10:52pm

എഴുത്തും വരയും മജ്‌നി

ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഉത്തരമലബാറിലെ ഒരു വൈകുന്നേരം. സന്ധ്യക്ക് കനത്തുകെട്ടിയ മേഘങ്ങള്‍ക്ക് കീഴെ, എവിടെയോ നിന്ന് ഉയരുന്ന ഒരാര്‍പ്പ് വിളി…..

കലിയാ….

കലിയാ…………. കൂയ്…………..

അത് ഒരു തുടര്‍ച്ചയാവുന്നു….

ഇത് കേരളം മറന്ന് പോയ ഒരാഘോഷകാലം. മഴയുടെ രണ്ട് അറ്റങ്ങളെ നാട്ടുപഴക്കളായി ആഘോഷിച്ച മനസ്സുകള്‍. മലയാള മാസം മിഥുനം 30ാം തിയതി ‘കലിയന്‍’ എന്ന ആഘോഷത്തിനായി നീക്കിവെച്ചു. ഇടവപ്പാതി തകര്‍ത്ത് പെയ്ത നാട്ടകങ്ങളില്‍ ‘കര്‍ക്കിടകം’ എന്ന മഴക്കെടുതികളുടെ ആരംഭം കുറിക്കുന്ന ദിവസം.

വരും കര്‍ക്കിടകത്തിന്റെ ദുരനുഭവങ്ങളെ നീക്കാനും വീടുകളിലും പറമ്പിലും സമൃദ്ധി നിറയാനും ഉത്തരമലബാറുകാര്‍ ‘കലിയ’നെന്ന സങ്കല്‍പ്പത്തിന് (ദൈവം) നിവേദ്യങ്ങളര്‍പ്പിച്ചു. പലഹാരങ്ങളും സസ്യേതര ഭക്ഷണങ്ങളും ഇലയടയും എല്ലാം ഒരു പഴയ കുട്ടയിലോ മുറത്തിലോ വെച്ച് ചൂട്ടും കത്തിച്ച് പറമ്പിലെ തെക്കേ അറ്റത്തെ മരച്ചുവട്ടിലേക്ക് ഒരു യാത്ര…. കാര്‍ഷിക ഉപകരണങ്ങളായ കരു, നുകം എന്നിവയും കാളവണ്ടിയും വാഴതട്ടകൊണ്ട് പണിത് വെക്കും. പിന്നെ പ്ലാവിലക്കാളകളും …. ഇതെല്ലാം കലിയനെന്ന ശക്തിക്ക് കാണിക്കയാവുന്നു.

ഇതെല്ലാം മരച്ചുവട്ടില്‍ നിക്ഷേപിച്ച് മുതിര്‍ന്നവരും കുട്ടികളും ആര്‍ത്ത് വിളിച്ചു…

‘കലിയാ…….

കലിയാ……. കൂയ്…..

ചക്കേം മാങ്ങേം ഇങ്ങ് ഇട്ടൂട് കലിയാ…’

മരത്തില്‍ ഇനിയും ബാക്കിയുള്ള ചക്കയും മാങ്ങയുമെല്ലാം താഴെയെത്തിക്കാന്‍ ഇവര്‍ ഉത്സാഹത്തോടെ കലിയനോട് അഭ്യര്‍ത്ഥിക്കുന്നു. ഈ ചടങ്ങിനു ശേഷം വീട്ടില്‍ ചില പ്രത്യേക പലഹാരങ്ങള്‍ ഉണ്ടാകും. പയര്‍ ശര്‍ക്കരയിട്ടു പുഴുങ്ങിയത്, ഈന്തു കറി തുടങ്ങിയവ……..

പിറ്റേന്ന് മുതല്‍ കാലവര്‍ഷത്തിന്റെ സ്വന്തം കര്‍ക്കിടകം ആരംഭിക്കുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും, വറുതിയും കഷ്ടപ്പാടും പൊരുകുന്ന കാലം. ഇത് അകറ്റാനായി വീടുകളില്‍ ശ്രീഭഗവതിയെ സ്വീകരിക്കാനായി ‘ശ്രീപോതി’ (ശ്രീപോതിയെന്നാല്‍ ശ്രീ ഭഗവതി) വെയ്ക്കുന്നു. ഒരു മരപ്പലകയില്‍ കിണ്ടിയില്‍ വെള്ളവും ഒരിലക്കീറില്‍ ഭസ്മം, അരി, തുളസിയില എന്നിവയും വീടിന്റെ ഉമ്മറത്ത് വെയ്ക്കുന്നു. ഇത് 31 ദിവസം തുടര്‍ച്ചയായി അനുഷ്ടിക്കും. ഈ ഇലക്കീറ് മടക്കി വീടിന്റെ ഇറയില്‍ സൂക്ഷിക്കും. കര്‍ക്കിടകം 14ാം തീയതിക്ക് ശേഷം ഇലക്കീറുകളെല്ലാം ഒരു പൊട്ടിയ കലത്തിലാക്കി പറമ്പില്‍ നിക്ഷേപിക്കുന്നു. കര്‍ക്കിടകം 14ാം തീയതിക്ക് ശേഷം വീട്ടില്‍ ഇലക്കീറുകള്‍ സൂക്ഷിച്ചാല്‍ ആപത്തുവരുമെന്നാണ് വിശ്വാസം.

കര്‍ക്കിടകം 31 പോമാരിയുടെ ദിവസമാണ്. അന്ന് ചിങ്ങ സംക്രമം നടക്കുന്നു. പിറ്റേന്നു മുതല്‍ മഴ അവസാനിച്ച് ചിങ്ങപ്പൊന്‍വെയില്‍ തെളിയും. സമൃദ്ധിയുടെ ദിവസങ്ങളെ വരവേല്‍ക്കാന്‍ കര്‍ക്കിടകത്തില്‍ വീട്ടിലുള്ള ചേട്ടയെ പുറത്താക്കണം. ഇതിനായി ഇറയില്‍ വെച്ച 31 ശീപോതി ഇലക്കീറുകളും ഒരു കലത്തിലിട്ട് ചൂല്, പൊട്ടിയ കയില്‍ തുടങ്ങിയ വീട്ടുപകരണങ്ങളോടെ വീട്ടമ്മ വീടിനെ മൂന്ന് വട്ടം പ്രദക്ഷിണം ചെയ്യുന്നു. ഓരോ ചുറ്റിനും ഒരു തിരി വീതം കത്തിച്ച് കലത്തിലിടും. പിന്നീട് ഇതെല്ലാം കൂടെ മിണ്ടാതെ തിരിഞ്ഞ് നോക്കാതെ മുക്കുട്ട പെരുവഴിയില്‍ (മൂന്നും കൂടിയ മുക്ക്) കൊണ്ടിട്ട് തിരിച്ചുവന്ന് കുളിച്ച് വീട്ടില്‍ പ്രവേശിക്കും. അതോടു കൂടി ആ വീട്ടിലെ കഷ്ടപ്പാടുകളെല്ലാം നീങ്ങുമെന്നാണ് വിശ്വാസം.

ഇത് ഒരു കാലത്തെ ജനത കഷ്ടകാലത്തെയും മഴക്കെടുതിയേയും അകറ്റാനായി അനുഷ്ഠിച്ച നാട്ടാചാരം… ഇന്നും മഴയും മഴക്കെടുതിയുമുണ്ട്… പക്ഷേ മണ്ണില്‍ വേരുറപ്പിച്ച മനുഷ്യനില്ല… അതിനാല്‍ തന്നെ അവന് മഴക്കെടുതികള്‍ക്കെതിരെ മുന്നൊരുക്കം നടത്തേണ്ടതില്ല… കൃഷിയും കന്നുകാലികളും മണ്ണും മനുഷ്യനും പരസ്പര പൂരകങ്ങളായിരുന്ന ഒരു കാലത്ത് ഉയര്‍ന്ന ആര്‍പ്പുവിളികളാവ. അവ എന്നോ മണ്ണടിയില്‍ പോയ് മറഞ്ഞു.

(മജ്‌നി തിരുവങ്ങൂര്‍ email: majni@doolnews.com, majnithiruvangoor@gmail.com, mobile: +91 9497 305952)

Advertisement