കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ ഐ എ) കുറ്റപത്രം സമര്‍പ്പിച്ചു. തടിയന്റവിട നസീറിനെ ഒന്നാംപ്രതിയാക്കിയുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

കൊച്ചി പ്രത്യേക എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂഫിയ മഅദനി പത്താംപ്രതിയാണ്. അബ്ദുള്‍ ഹാലിം രണ്ടാംപ്രതിയാണ്. രാജ്യദ്രോഹകുറ്റമാണ് സൂഫിയക്കെതിരേയും തടിയന്റവിട നസീറിന്റേയും ചുമത്തിയിരിക്കുന്നത്. ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

സൂഫിയ മഅദനിയും പറമ്പായി മജീദും ചേര്‍ന്നാണ് ബസ്‌കത്തിക്കാന്‍ പദ്ധതിയിട്ടത്. അബ്ദുള്‍ നാസര്‍ മഅദനിയെ ജയിലില്‍ താമസിച്ചതിന് പ്രതികാരമായിട്ടാണ് ബസ് കത്തിക്കാന്‍ പദ്ധതിയിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ബസ് കത്തിക്കുന്നതിന് തലേദിവസം ഇവര്‍ ആലുവയിലെ പള്ളിയില്‍ യോഗം ചേര്‍ന്നിരുന്നു. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ ബസ് പുറപ്പെടുമ്പോള്‍ കയറിയിരുന്നു. ഏഴു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ കളമശേരിയിലെത്തിയപ്പോള്‍ ബസില്‍ കയറുകയായിരുന്നു. തോക്കും കത്തിയും ഇവരുടെ കൈയ്യിലുണ്ടായിരുന്നു എന്നും ഇസ്മയിലാണ് പെട്രോളും കോട്ടണ്‍വെയ്‌സ്റ്റും സംഘടിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റഹീമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുറ്റപത്രത്തിലുള്‍പ്പെട്ട മൂന്ന് പ്രതികള്‍ ഒളിവിലാണെന്ന് എന്‍ ഐ എ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

നേരത്തേ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സൂഫിയ മഅദനിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മഅദനിക്കുവേണ്ടിയാണ് സൂഫിയയുടെ നേതൃത്വത്തില്‍ ബസ് കത്തിച്ചതെന്ന് എന്‍ ഐ എ തയ്യാറാക്കിയ രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

2005 സെപ്റ്റംബര്‍ ഒന്‍പതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സേലത്തേക്കുളള ബസ് തട്ടിയെടുത്തു കളമശേരില്‍ എച്ച് എം ടിക്കു സമീപം കത്തിച്ചെന്നാണ് കേസ്.