കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രധാനപ്രതി സൂഫിയ മഅദനിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കളമശേരി ബസ് കത്തിക്കലില്‍ സൂഫിയയുടെ പങ്ക് എന്‍ ഐ എ യുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് സൂചന.

മഅദനിക്കുവേണ്ടിയാണ് സൂഫിയ ബസ് കത്തിച്ചതെന്ന് എന്‍ ഐ എ തയ്യാറാക്കിയ രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം ഏഴിനായിരുന്നു കുറ്റപത്രം സമര്‍പ്പിക്കണമെന്ന് എന്‍ ഐ എയോട് കേന്ദ്ര ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിരുന്നത്.

നേരത്തേ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി സൂഫിയ മഅദനി സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. 2005 സെപ്റ്റംബര്‍ ഒന്‍പതിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സേലത്തേക്കുളള ബസ് തട്ടിയെടുത്തു കളമശേരില്‍ എച്ച് എം ടിക്കു സമീപം കത്തിച്ചെന്നാണ് കേസ്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയെ മോചിപ്പിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുള്ളതായിരുന്നു സംഭവമെന്ന് എന്‍ ഐ എ അന്വേഷണത്തില്‍ തെളിഞ്ഞു. ആകെ 13 പ്രതികളാണ് കേസിലുള്ളത്. തടിയന്റവിട നസീര്‍ ഒന്നാംപ്രതിയും അബ്ദുള്‍ ഹാലിം രണ്ടാംപ്രതിയും സൂഫിയ മഅദനി പത്താം പ്രതിയുമാണ്.