ന്യൂദല്‍ഹി : രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ താനില്ലെന്ന് ഡോ. എ.പി.ജെ. അബ്ദുല്‍ കലാം. തന്റെ മനസ്സാക്ഷി മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ കലാം, വീണ്ടും രാഷ്ട്രപതിയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് മത്സരിക്കാത്തത്. തന്നെ പിന്തുണച്ച മമതയുള്‍പ്പെടേയുള്ളവരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലാം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് രാവിലെ മുതല്‍ അഭ്യൂഹം നിലനില്‍ക്കുന്നതിനിടയിലാണ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന പ്രസ്താവനയുമയി  അദ്ദേഹം രംഗത്തെത്തിയത്.
കോണ്‍ഗ്രസ്സിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ പ്രണബിനെതിരെ മത്സരിക്കരുതെന്ന് യു.പി.എ കലാമിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലാം തന്റെ നിലപാട് വ്യക്തമാക്കിയത്.

അതേസമയം എന്‍.ഡി.എ യുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടുത്തയോഗത്തില്‍ തീരുമാനിക്കുമെന്ന് ബി.ജെ.പി. അറിയിച്ചു. കലാം മത്സരിക്കാന്‍ തയ്യാറായാല്‍ പിന്തുണക്കാനായിരുന്നു ബി.ജെ.പി. തീരുമാനിതച്ചിരുന്നത്. പകരം പി.എ. സംങ്മയെ മത്സരിപ്പിക്കാനും എന്‍.ഡി.എ പദ്ധതിയിടുന്നത്. എന്നാല്‍ ശിവസേനയ്ക്ക് ഇതിനോട് യോജിപ്പില്ലെന്നും അറിയുന്നു.