വനപാലകരെ മര്‍ദ്ദിച്ച കേസ്: കലാഭവന്‍ മണി കീഴടങ്ങി
Kerala
വനപാലകരെ മര്‍ദ്ദിച്ച കേസ്: കലാഭവന്‍ മണി കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2013, 2:32 pm

[]തൃശൂര്‍: വനപാലകരെ മര്‍ദ്ദിച്ചന്ന കേസില്‍ നടന്‍ കലാഭവന്‍ മണി കീഴടങ്ങി. ചാലക്കുടി വെറ്റിലപ്പാറ പോലീസ് സ്‌റ്റേഷനിലെത്തിയാണ് മണി കീഴടങ്ങിയത്. മണിയോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച മണിയോട് കീഴടങ്ങിയതിന് ശേഷം ജാമ്യമെടുക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കീഴടങ്ങാനായിരുന്നു കോടതി നിര്‍ദേശം.[]

പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ മണിക്ക് ഇനി ജാമ്യാപേക്ഷ നല്‍കാം. അന്‍പതിനായിരം രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമായിരിക്കും ജാമ്യം അനുവദിക്കുക.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മണി വനം വകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി പരാതി വന്നത്. തിരപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെയാണ് താരം മര്‍ദ്ദിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ യു.ജി രമേശന്‍, ഫോറസ്റ്റ് ഓഫിസര്‍ രവീന്ദ്രന്‍ എന്നിവരാണ് പരാതി നല്‍കിയത്.

പട്രോളിങ്ങിനിടെ കലാഭവന്‍മണിയും സുഹൃത്തും കുടുംബവും സഞ്ചരിച്ച വാഹനം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു സംഭവം. പരിശോധനയ്ക്ക് തയാറാകാതെ വാഹനം മുന്നോട്ടെടുത്തു.

20 മിനിറ്റിനു ശേഷം അമിതവേഗത്തില്‍ തിരിച്ചെത്തി കലാഭവന്‍മണിയും അദ്ദേഹം ഡോക്ടര്‍ എന്ന് അഭിസംബോധന ചെയ്ത സുഹൃത്തും ചേര്‍ന്നു തലയില്‍ ഇടിക്കുകയും മര്‍ദിക്കുകയും ആയിരുന്നു എന്നാണു ഉദ്യോഗസ്ഥര്‍ പറയുന്നത്.

മണിയുടെ സുഹൃത്തിന്റെ ഭാര്യ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്യായമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.