എഡിറ്റര്‍
എഡിറ്റര്‍
‘മണിയുടെ മരണം കൊലപാതകമെന്ന് സംശയിക്കാനാവില്ല’; ശരീരത്തില്‍ കീടനാശിനി സാന്നിദ്ധ്യമില്ലെന്ന് പൊലീസ് കോടതിയില്‍
എഡിറ്റര്‍
Friday 17th March 2017 7:47am

കൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. മണിയുടെ രക്ത പരിശോധന നടത്തിയതില്‍ നിന്ന് കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.


Also read കൊട്ടിയൂര്‍ പീഡനം: ഫാ. തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങി 


സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നും കീടനാശിനിയുടെ സാന്നിദ്ധ്യമൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

എറണാകുളം റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ ക്ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന് ലാബ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്ന ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

റീജിയല്‍ ലാബ് റിപ്പോര്‍ട്ടില്‍ കീടനാശിനിയുടെ അംശം കണ്ടെത്താനുള്ള സാധ്യത കുറവായതിനാലാണ് രക്തസാമ്പിള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്താനായത്.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചിരുന്നത്.

സി.ബി.ഐ. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും സി.ബി.ഐ. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിച്ചിട്ടില്ല. കേസന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളെ ചോദ്യം ചെയ്തതിനു പുറമേ പോളിഗ്രാഫ് ടെസ്റ്റും നടത്തിയിരുന്നു. മരണത്തിന്റെ സാദ്ധ്യതകള്‍ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനും രൂപം നല്‍കിയിരുന്നു.

Advertisement