വനപാലകരെ മര്‍ദ്ദിച്ച കേസില്‍ മണിക്ക് മുന്‍കൂര്‍ ജാമ്യമില്ല
Kerala
വനപാലകരെ മര്‍ദ്ദിച്ച കേസില്‍ മണിക്ക് മുന്‍കൂര്‍ ജാമ്യമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2013, 10:39 am

[]എറണാകുളം: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ കലാഭവന്‍ മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

മണി   ഈ മാസം 25നകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങണം. ചോദ്യം ചെയ്യലിനു ശേഷം മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാകണം. മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കണമെന്നും ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്‍ നിര്‍ദേശിച്ചു. []

50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും മജിസ്‌ട്രേട്ട് ജാമ്യം അനുവദിക്കണമെന്നാണു നിര്‍ദേശം.

മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ പരിഗണിച്ചപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുള്‍പ്പെടെ മറ്റു രണ്ടു ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും, അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫലി കോടതിയെ ബോധിപ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മണിക്കായുള്ള തിരച്ചിലിലായിരുന്നു പോലീസ്. മണിയെ എവിടെ കണ്ടാലും അറസ്റ്റ് ചെയ്യണമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ അതിരപ്പിള്ളി ഭാഗത്തുനിന്നു ചാലക്കുടി ഭാഗത്തേക്കു വരികയായിരുന്ന കലാഭവന്‍ മണി സഞ്ചരിച്ചിരുന്ന കാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചു നിര്‍ത്തി.

പരിശോധനയ്ക്കായി ഡിക്കി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മണി തയാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ ഓടിച്ചുപോകുകയും 15 മിനിറ്റിനു ശേഷം മടങ്ങിയെത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചുവെന്നുമാണു പരാതി.

കാര്‍ ഉദ്യോഗസ്ഥരുടെ ദേഹത്തിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പറയുന്നു. മണിയും ഡോക്ടര്‍ എന്നു വിളിച്ച ഒരാളും ചേര്‍ന്നാണു മര്‍ദിച്ചതെന്നു വനപാലകര്‍ പറയുന്നത്

അതേസമയം,വനപാലകര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നു മണിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.  വനപാലകര്‍ ഇവരെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചു തള്ളി താഴെയിട്ടതായും വടി കൊണ്ടടിച്ചതായുമാണ് പരാതി.

മണിയുടെ സുഹൃത്ത് ഇടുക്കി രാജാക്കാട് മാളിയേക്കല്‍ വീട്ടില്‍ ഡോ. ഗോപിനാഥന്റെ ഭാര്യ ജയ ഗോപിനാഥനാണു വനപാലകര്‍ക്ക് എതിരെ പരാതി നല്‍കിയത്.

ഡപ്യൂട്ടി റേഞ്ചര്‍ എലിഞ്ഞിപ്ര ഉപ്പത്ത് യു.ജി. രമേശന്‍ (51), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കായംകുളം തടത്തില്‍ പി. രവീന്ദ്രന്‍ (45) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം അതിരപ്പിള്ളി പൊലീസ് മണിക്കെതിരെ കേസെടുത്തിരുന്നു.

സംഭവം നടന്ന ചൊവ്വാഴ്ച രണ്ട് തവണ പോലീസ് കലാഭവന്‍ മണിയുടെ വസതിയിലെത്തിയിരുന്നു. എന്നാല്‍ അര്‍ധരാത്രിതന്നെ ഷൂട്ടിംഗ് ആവശ്യത്തിനായി മണി ബാംഗളൂരിലേക്കു പോയതായാണ് അറിയിച്ചത്.