എഡിറ്റര്‍
എഡിറ്റര്‍
‘മരണകളികള്‍ ഇനിയും സൈബര്‍ ലോകത്തില്‍ നിറയും; അച്ഛനമ്മാരുടെ കരുതലിനും സ്നേഹത്തിനും അപ്പുറം മറ്റു പോവഴികള്‍ ഇല്ല’; ബ്ലൂവെയില്‍ പേടിയിലാണ്ട മാതാപിതാക്കളോട് മനശാസ്ത്രജ്ഞ കല ഷിബു പറയുന്നു
എഡിറ്റര്‍
Wednesday 16th August 2017 8:57pm

കോഴിക്കോട്: കേരളം ബ്ലൂവെയില്‍ എന്ന കൊലയാളി ഗെയിമിന്റെ പേടിയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത യുവാക്കളുടെ മരണത്തിന് പിന്നില്‍ കൊലയാളി ഗെയിമാണോ എന്ന സംശയം മൂര്‍ച്ഛിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.

ഈ സാഹചര്യത്തില്‍ മക്കളെ ഗെയിമിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് മനശാസ്ത്രജ്ഞയായ കല ഷിബു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ പോലുള്ള ഗെയിമുകളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ഏകമാര്‍ഗം അവരെ അടുത്തറിയുക എന്നതാണെന്ന് സൈക്കോളജിസ്റ്റ് കല ഷിബു പറയുന്നു.

മക്കളെ കേള്‍ക്കാനും ശ്രദ്ധിക്കാനും സമയം കണ്ടെത്തണം അവരെ അംഗീകരിക്കണം. സ്നേഹത്തേക്കാള്‍ മികച്ച മരുന്ന് മറ്റൊന്നില്ലെന്ന് അവര്‍ പറയുന്നു. ബ്ലുവെയ്ലിനെ കുറിച്ച് തന്നോട് പ്രതിവിധി ചോദിച്ചവര്‍ക്കുള്ള മറുപടി എന്നുപറഞ്ഞ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കുട്ടികളെ വേണ്ടരീതിയില്‍ അറിയാത്തതാണ് പലപ്രശ്നങ്ങള്‍ക്കുമുള്ള അടിസ്ഥാനകാരണമെന്ന് കല പറയുന്നത്.


Also Read:  ‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം


‘മക്കളെ നോക്കാനും കേള്‍ക്കാനും സമയം കണ്ടെത്തുക… സാഹസം ഇഷ്ടപ്പെടുന്ന ഈ കാലഘട്ടത്തെ ഒന്ന് മനസ്സിലാക്കുക.. അവരെ അംഗീകരിക്കുക. മക്കളുടെ വൈകാരികതലങ്ങളെ മനസ്സിലാക്കി യുക്തി ഭദ്രമായ ജീവിതത്തിനു വേണ്ടത് ചെയ്തു കൊടുക്കുക. അംഗീകരിക്കപ്പെടാന്‍ ജീവിതത്തിന്റെ അവസാനം വരെ നമ്മള്‍ ഏതൊക്കെ തരത്തില്‍ യുദ്ധം ചെയ്യുന്നു..! കുട്ടികളിലും അത്തരം വ്യഗ്രതകള്‍ ഉണ്ട്. അത് തിരിച്ചറിയുക..’ എന്നാണ് കല പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏതാനും നാള്‍ മുന്‍പ് ആണ് അസ്ട്രോപ്രോജെക്ഷന്‍ എന്ന വാക്ക് പലരും കേള്‍ക്കുന്നത്..
കേതല്‍ എന്ന യുവാവ് നടത്തിയ കൊലപാതകം അതിന്റെ പേരില്‍ ആയിരുന്നു..
ഇന്ന് ചര്‍ച്ച , BLUE WHALE എന്ന മരണ കളിയെ കുറിച്ച്..!
ടാസ്‌കുകള്‍ പുരോഗമിച്ചു പതിനഞ്ചാമത്തെ ഘട്ടം എത്തുന്നതോടെ കളിക്കുന്ന വ്യക്തി പൂര്‍ണ്ണമായും ഗെയിം മാസ്റ്ററുടെ അടിമ ആയി മാറുന്ന ഒന്നാണ് ഇത്
അന്‍പതാം ഘട്ടം ആകുന്നതോടെ സ്വന്തം ജീവന്‍ വരെ ഹോമിക്കപെടുന്ന അവസ്ഥ എത്തുന്നു..
രഹസ്യ ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും വഴിയാണ് ഇതിന്റെ ലിങ്കുകള്‍ പ്രചരിക്കുന്നത്..
ഒരിക്കല്‍ പെട്ട് പോയാല്‍ പിന്നെ ഊരി വരാന്‍ പറ്റുകയുമില്ല..

എന്നോട് ഇതിനുള്ള പ്രതിവിധി ചോദിക്കുന്നവരോട് വളരെ ലളിതമായ ഒരു ഉത്തരമേ ഉള്ളു..
മക്കളെ അറിയുക…!
തങ്ങളുടെ മക്കള്‍ ഇപ്പോഴും വീഡിയോ ഗെയിം കളിയുടെ ലോകത്താണെന്നു അഭിമാനത്തോടെ മാതാപിതാക്കള്‍ പറയാറുണ്ട്..
ബുദ്ധിയുടെ അളവ് കോലായി പലരും കാണുന്നത് ഇതൊക്കെ ആണ്..
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഞാന്‍ ജോലി നോക്കുന്നത്..
തനിക്കു ചുറ്റും എന്തെന്തു നടക്കുന്നു എന്നറിയാതെ ആണ് ഭൂരിപക്ഷം മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നത്..
എന്നാല്‍ , അവരുടെ മനസ്സ് അറിയുന്നുമില്ല..

കൗമാരം എന്നത് ഒരു പ്രത്യേക കാലഘട്ടമാണ്.
ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ണ്ണായക ഘട്ടം..
ഒരു റിബല്‍ മനോഭാവം അവരില്‍ ഉണ്ടാകും.
പാപചിന്തകളെ പറ്റി, വ്യത്യസ്ത സങ്കല്‍പ്പങ്ങളെ കുറിച്ചൊക്കെ സംഘര്‍ഷം കുട്ടികളില്‍ കാണാറുണ്ട്…
ചിലര്‍ അത് പ്രകടമാക്കും..
അല്ലാത്തവര്‍ ഉള്‍വലിയും..
അങ്ങനെ ഉളളവര്‍ ആണ് പ്രശ്നക്കാര്‍….

സങ്കടം വരാറുണ്ട്..
ഉറക്കപ്പായില്‍ നിന്നും അതെ പോലെ വരുന്ന പോലെ ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടികളെ കാണുമ്പോള്‍..
അതിശയം തോന്നാറുണ്ട്..
അവര്‍ പ്രാതല്‍ കഴിച്ചില്ല…, ഉച്ച ഭക്ഷണം കൊണ്ട് വന്നില്ല എന്ന് കേള്‍ക്കുമ്പോള്‍..
വീട്ടില്‍ നിന്നല്ലേ വരുന്നത് എന്ന് പലപ്പോഴും ചോദിക്കേണ്ടി വരാറുണ്ട്..
കളികള്‍ ഇങ്ങനെ മാറി മാറി വരും..
ഒന്ന് നിരോധിക്കുമ്പോള്‍ അടുത്തത്.!
അതിന്റെ ആഴത്തില്‍ പോയി ഗവേഷണം ചെയ്യേണ്ട…

മക്കളെ നോക്കാനും കേള്‍ക്കാനും സമയം കണ്ടെത്തുക…
സാഹസം ഇഷ്ടപ്പെടുന്ന ഈ കാലഘട്ടത്തെ ഒന്ന് മനസ്സിലാക്കുക..
അവരെ അംഗീകരിക്കുക..
മക്കളുടെ വൈകാരികതലങ്ങളെ മനസ്സിലാക്കി യുക്തി ഭദ്രമായ ജീവിതത്തിനു വേണ്ടത് ചെയ്തു കൊടുക്കുക..
അംഗീകരിക്കപ്പെടാന്‍ ജീവിതത്തിന്റെ അവസാനം വരെ നമ്മള്‍ ഏതൊക്കെ തരത്തില്‍ യുദ്ധം ചെയ്യുന്നു..!
കുട്ടികളിലും അത്തരം വ്യഗ്രതകള്‍ ഉണ്ട്..
അത് തിരിച്ചറിയുക..

അവരുടെ കൊച്ചു കൊച്ചു പ്രശ്നങ്ങള്‍ക്ക് ചെവി കൊടുക്കുക
ആ മനസ്സുകളെ, ചേര്‍ത്ത് വെയ്ക്കുക…
അവരുടെ ഇഷ്ടങ്ങള്‍, താല്പര്യങ്ങള്‍ അറിയുക…
മക്കളുടെ കൗമാരം മാതാപിതാക്കളുടെ കരുതലിന്റെ , വാത്സല്യത്തിന്റെ സ്പര്‍ശം ഏറ്റ് മുന്നോട്ടു പൊയ്ക്കോട്ടേ..
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്…
അതിനേക്കാള്‍ മികച്ച മരുന്ന് മറ്റൊന്നുമില്ല…

വയലില്‍ നില്‍ക്കുന്ന കരിങ്കോലങ്ങളെ ഭയന്നാണ് കാക്ക അകന്നു നില്‍ക്കുന്നത്..
ബഹുമാനം കൊണ്ടല്ല..
മക്കളുടെ ജീവിതത്തില്‍ അത്തരം ഒരു രീതിയില്‍ ആകാതെ പറ്റിയാല്‍,
എത്ര സങ്കീര്‍ണ്ണ വ്യകതിത്വം എന്ന് പറഞ്ഞാലും,
അത് മാറ്റിയെടുക്കാന്‍ സാധിക്കും..
കൗമാരത്തിന് ഭീഷണി ആയി
മരണകളികള്‍ ഇനിയും സൈബര്‍ ലോകത്തില്‍ നിറയും..
അച്ഛനമ്മാരുടെ കരുതലിനും സ്നേഹത്തിനും അപ്പുറം മറ്റു പോവഴികള്‍ ഇല്ല..
ജീവിതത്തെ കുറിച്ച് ശുഭാപ്തി വിശ്വാസം അവരില്‍ ഉണ്ടാക്കി എടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം..

Advertisement