vanaparvam-entrance


കെ.എം ഷഹീദ്

വനം എന്ന് പറഞ്ഞാല്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു സങ്കല്‍പമുണ്ട്. വന്യമൃഗങ്ങളും കാട്ടരുവികളും വന്‍ വൃക്ഷങ്ങളുമെല്ലാം ചേര്‍ന്ന വന്യമായ സങ്കല്‍പ്പം. ലക്ഷക്കണക്കായ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ആവാസ വ്യവസ്ഥയായിരിക്കുമത്. എന്നാല്‍ 30 വര്‍ഷത്തെ വയസ്സ് മാത്രമള്ള കാട് നിങ്ങള്‍ കണ്ടിട്ടുണ്ടോ… വനത്തിന്റെ ബാല്യകാലം എങ്ങിനെയായിരിക്കും. ഓര്‍ക്കാന്‍ രസമുണ്ടല്ലേ…

കോഴിക്കോട് ഈങ്ങാപ്പുഴക്കടുത്ത് കാക്കവയലില്‍ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ആരംഭിച്ച ജൈവവൈവിദ്യ ഉദ്യാനമാണ് വനപര്‍വ്വം. കോഴിക്കോട് നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഈങ്ങാപ്പുഴ. ഈങ്ങാപ്പുഴയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാക്കവയലിലെത്താം. 111.4 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ ജൈവ വൈവിദ്യ ഉദ്യാനം നിരവിധി സസ്യവര്‍ഗ്ഗങ്ങളാല്‍ സമ്പുഷ്ടമാണ്.

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിനമായ മെയ് 22നാണ് ഞങ്ങള്‍ 35ഓളം പേരടങ്ങുന്ന സംഘം വനപര്‍വ്വത്തിലേക്ക് പുറപ്പെട്ടത്. വനം വകുപ്പും മലബാര്‍ നാച്ച്വറല്‍ സൗസൈറ്റിയും സംയുക്തമായാണ് ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. രാവിലെ ഒമ്പത് മണിയോടെ ഈങ്ങാപ്പുഴയിലെത്തിയ ഞങ്ങള്‍ അവിടെ നിന്നും കാക്കവയലിലേക്ക് പുറപ്പെട്ടു. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ വനപര്‍വ്വം മേല്‍നോട്ടക്കാരനായ ജോസഫേട്ടനുണ്ടായിരുന്നു. ജോസഫേട്ടന്റെ ചായസത്കാരം സ്വീകരിച്ച് ഞങ്ങള്‍ വനപര്‍വ്വത്തിലേക്ക് നീങ്ങി.

ബാല്യകാലത്തിന്റെ എല്ലാ ലക്ഷണങ്ങളും വനപര്‍വ്വത്തിനുണ്ട്. ആക്രമണകാരികളായ മൃഗങ്ങളൊന്നും കാട്ടിലില്ല. കേഴമാന്‍, അപൂര്‍വ്വങ്ങളായ ചിത്രശലഭങ്ങള്‍, വിവിധയിനം പക്ഷികള്‍, ചെറുജീവികള്‍, വിവിധയിനം മുളകള്‍, ഓര്‍ക്കിഡുകള്‍… പ്രവേശന കവാടത്തിനടുത്ത് തന്നെ മരത്തൈകളുടെ നഴ്‌സറിയാണ്. പൂമ്പാറ്റകള്‍ ഞങ്ങളെ വലം വെച്ചു.

പരിസ്ഥിതിയെക്കുറിച്ചുള്ള മനുഷ്യന്റെ തെറ്റായ ബോധത്തിന്റെ ഇരയായിരുന്നു ഈ ഭൂമിയെന്ന് വനപര്‍വ്വത്തിലെത്തിയപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. അന്‍പത് വര്‍ഷം മുമ്പ് കൊടുംവനമായിരുന്നു ഈ പ്രദേശം. സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ ഭൂമിയിലെ വനങ്ങളെല്ലാം അവര്‍ വെട്ടിത്തെളിച്ചു. പകരമായി അവിടെ വ്യാവസായിക ലക്ഷ്യത്തോടെ അക്ക്വേഷ്യ മരം വെച്ചുപിടിപ്പിച്ചു. പക്ഷെ വനം തെളിച്ച് നാം വ്യവസായം നട്ടപ്പോള്‍, കാട് വെളുത്തപ്പോള്‍ ജീവന്‍ അപകടത്തിലാകുമെന്ന് നാം വൈകിയാണ് തിരിച്ചറിഞ്ഞത്.

പിന്നെ കൊന്ന കൈകൊണ്ട് തന്നെ ജീവന്‍ നല്‍കി. ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ അവിടെ വനവത്കരണത്തിന് ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങിനെ വെച്ചുപിടിപ്പിച്ച മരത്തൈകളാണ് ഇപ്പോള്‍ വനപര്‍വ്വമെന്ന കൊച്ചു കാടായി മാറിയത്. 2011 ഫെബ്രുവരി മൂന്നിനായിരുന്നു 96.86 ലക്ഷം രൂപയുടെ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇപ്പോള്‍ ധാരാളം പ്രകൃതി നിരീക്ഷകരും വിദ്യാര്‍ത്ഥികളും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.

kakkavayal-vanaparwam

ഞങ്ങള്‍ കാട്ടിനുള്ളിലേക്ക് കയറിത്തുടങ്ങി. കുത്തനെയുള്ള കയറ്റം. മെയ് മാസത്തെ വെയിലിനെ തടഞ്ഞുനിര്‍ത്തി ഞങ്ങളുടെ കൊച്ചുകാട്. സംഘത്തില്‍ ഒന്ന് രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. മധ്യവയസ്സ് പിന്നിട്ടവരെങ്കിലും അവരും ചുറുചുറുക്കോടെ കാടുകയറി.

കുറച്ച് ഈര്‍പ്പമുള്ള സ്ഥലത്തെത്തിയപ്പോഴാണ് ആരോ അട്ടയെക്കുറിച്ച് പറഞ്ഞത്. കൂട്ടത്തിലൊരുത്തന്റെ കാലില്‍ അട്ടകടിച്ച് ചോരയൊഴുകുന്നുണ്ട്. അട്ടയെ ആദ്യമായി കാണുന്ന ഞാന്‍ കൗതുകത്തോടെ അവനടുത്തെത്തി. അപ്പോഴാണ് എല്ലാവരും സ്വന്തം കാലുകള്‍ നോക്കണമെന്ന് ആരോ വിളിച്ചു പറഞ്ഞത്. അങ്ങിനെ ഒരു ശബ്ദം ഞാന്‍ കേട്ടില്ലായിരുന്നെങ്കില്‍ രണ്ട് അട്ടകള്‍ എന്റെ രക്തം ഊറ്റിയെടുത്തേനെ. ഇടത് കാലിന്റെ പിന്‍ഭാഗത്ത് നിന്നും രക്തം വന്ന് പാന്റ്‌സ്് ചുവന്നിരിക്കുന്നു. ഞാന്‍ വെപ്രാളപ്പെട്ട് നോക്കുമ്പോഴേക്കും അട്ടയെ കാണാനില്ല. അവന്‍ വേണ്ടത് കുടിച്ച് പോയിട്ടുണ്ടാവണം.

ശരീരത്തിലെല്ലായിടത്തും അട്ടയുണ്ടെന്ന തോന്നലായി പിന്നീട്. തോന്നല്‍ വെറുതെയായില്ല. ഒരെണ്ണത്തെക്കൂടി ഞാന്‍ എന്റെ കാലില്‍ നിന്നും പറിച്ചെറിഞ്ഞു. അട്ട കടിക്കുന്നത് നല്ലതാണെന്നും രക്തം ശുദ്ധീകരിക്കപ്പെടുമെന്നും ആരോ പറഞ്ഞപ്പോള്‍ കടികൊണ്ടവര്‍ അങ്ങിനെ ആശ്വസിച്ചു. ഉച്ചയോടെ ഞങ്ങള്‍ കാടിറങ്ങി. ഇടക്ക് കാട്ടരുവിക്കരയിലിയിരുന്ന് ക്ഷീണം തീര്‍ത്തു. വൈകീട്ട് മൂന്ന് മണിയോടെ ഞങ്ങള്‍ കാടിന് താഴെയെത്തി. ഊണ് റെഡിയായിരുന്നു. ചോറും സാമ്പാറുമടങ്ങിയ ഭക്ഷണം. കാട് കയറിയതിന്റെ ക്ഷീണം ഞങ്ങള്‍ ഊണില്‍ തീര്‍ത്തു. ശേഷം നാടന്‍ ചക്കയും കഴിച്ച് അടുത്ത ക്യാമ്പിനായി പിരിഞ്ഞു.