കാജല്‍ അഗര്‍വാളിന് ഇത് ഭാഗ്യങ്ങളുടെ കാലമാണ്. തൊട്ടതെല്ലാം പൊന്നാക്കുന്നവള്‍ എന്നുവേണമെങ്കില്‍ പറയാം. തമിഴിലും തെലുങ്കിലും നിറഞ്ഞാടിയ താരസുന്ദരിക്ക് കന്നട സിനിമയിലേക്കും ക്ഷണം എന്നതാണ് പുതിയവാര്‍ത്ത.

ഈ സൗഭാഗ്യം വന്നെത്തുന്നതോടെ തെന്നിന്ത്യയിലെ താരറാണിപ്പട്ടത്തിന് പുതിയൊരു അവകാശി കൂടിയാണ് കടന്നുവരുന്നത്. ഇതോടെ ഗ്ലാമതാരങ്ങളായി ഇതുവരെ  കന്നഡസിനിമയില്‍ തിളങ്ങിയ  നടിമാര്‍ക്ക് കാജലിന്‍റെ വരവ് വെല്ലുവിളിയാകും എന്നാണ് കരുതുന്നത്. തെലുങ്ക്- തമിഴ് സിനിമകളിലെ പരിചിത മുഖമായ കാജല്‍ അഗര്‍വാളാണ്  തന്‍റെതായ ഇടം കണ്ടെത്തിയ ശേഷമാണ് കന്നഡസിനിമാ ലോകത്തേക്ക് പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

പുതുമുഖ  സംവിധായകനായ രഘുഹാസ്സന്‍ സംവിധാനം ചെയ്യുന്ന തഥാസ്തു എന്ന കന്നഡ ചിത്രത്തിലേക്കാണ് കാജലിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്. ചിരാഗ് നായകനാവുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.

ബോളിവുഡ് താരമായ സോനം കപൂറിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന വേഷമാണ് കാജലിനെ തേടിയെത്തിയിരിക്കുന്നത്. മൂന്ന് തെലുങ്ക് ചിത്രങ്ങളും രണ്ട് തമിഴ് പ്രൊജക്ടുകളും കയ്യിലിരിയ്‌ക്കെയാണ് കാജല്‍ കന്നഡ സിനിമയില്‍ തന്‍റെ കന്നിയങ്കത്തിന് ഒരുങ്ങുന്നത്.