ബാംഗ്ലൂര്‍: ഇന്ത്യയുടെ ഇരുപതാമത് ആണവനിലയം കൈഗ പ്രവര്‍ത്തനം തുടങ്ങി. ഇതോടെ രാജ്യത്തെ മൊത്തം ആണവോര്‍ജ്ജ വിഹിതം 4780 മെഗാവാട്ടായി ഉയര്‍ന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 220 മെഗാവാട്ട് ശക്തിയുള്ള ആണവനിലയമാണ് കൈഗയിലേത്.

നാലുവര്‍ഷം മുമ്പേ കൈഗയുടെ നിര്‍മ്മാണം അവസാനിച്ചിരുന്നു. എന്നാല്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ആണവഇന്ധന കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയാണ് കൈഗ പൂര്‍ണപ്രവര്‍ത്തനസജ്ജമായതായി വ്യക്തമാക്കിയത്.

കൈഗയെ രാജ്യത്തെ മറ്റ് ആണവഇന്ധന ശൃംഖലകളുമായി ഉടനേ ബന്ധിപ്പിക്കാനാണ് നീക്കം. ഇതിനുമുമ്പ് ആണവ ഇന്ധന നിയന്ത്രണ സമിതി കൈഗയിലെ പ്രവര്‍ത്തനം വിലയിരുത്തും. രണ്ടുമാസത്തിനകം ഇതിനായുള്ള പദ്ധതികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.