ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി 50 ഓളം പേര്‍ക്ക് പരിക്ക്. കഫിയാത്ത് എക്സ്പ്രസ്സ് ആണ് അപകടത്തില്‍ പെട്ടത്. ഒരാഴ്ചക്കിടെ യു.പിയിലുണ്ടാകുന്ന രണ്ടാമത്തെ ട്രെയിനപകടമാണ് ഇന്നത്തേത്. പുലര്‍ച്ചെ 2.40നോടടുത്താണ് സംഭവം.


Also Read: മഞ്ചേരിയില്‍ വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ച യുവതിയെ ‘ശഹീദാ’ക്കി കുടുംബം


തീവണ്ടിയുടെ 10 ബോഗികളും എന്‍ജിനുമാണ് പാളം തെറ്റിയത്. ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

നിരവധി പേരുടെ നില ഗുരുതരമാണെങ്കിലും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റയില്‍വേ വക്താവ് അനില്‍ സക്സേന പറഞ്ഞു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 19ന് യു.പിയിലെ മുസാഫര്‍നഗറില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചിരുന്നു. ഉത്കല്‍ എക്പ്രസായിരുന്നു അന്ന് അപകടത്തില്‍ പെട്ടത്.