തന്റെ ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ സ്വാഭാവികമായും സംവിധായകന്റെ മുഖത്തൊരു സന്തോഷമൊക്കെ കാണേണ്ടതാണെങ്കിലും കൈ പോ ചെയുടെ സംവിധായകന്‍ അഭിഷേക് കപൂര്‍ അല്‍പ്പം ആശങ്കയിലാണ്.

സംഗതി മറ്റൊന്നുമല്ല, ചിത്രത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് അഭിഷേക് കപൂറിനെ ആശങ്കയിലാക്കിയിരിക്കുന്നത്.

Ads By Google

ചേതന്‍ ഭഗതിന്റെ ബെസ്റ്റ് സെല്ലര്‍ നോവലായ “ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫി”ന്റെ ചലചിത്രാവിഷ്‌കാരമാണ് കൈ പോ ചെ. ട്വിറ്ററിലൂടെ തങ്ങളുടെ ആശകളും നിരാശകളും പങ്കുവെക്കുന്ന അഹമ്മദാബാദിലെ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് കൈ പോ ചെ പറയുന്നത്.

പക്ഷേ ഖേദകരമെന്ന് പറയട്ടേ, ചിത്രത്തില്‍ പ്രതിപാദിക്കാത്ത വിഷയങ്ങളാണ് ചിലര്‍ പറഞ്ഞുപരത്തുന്നതെന്നാണ് സംവിധായകന്റെ പരാതി. ചിത്രത്തിലെ ഗോധ്ര സംഭവത്തെ കുറിച്ചുള്ള പരാമര്‍ശത്തെ രണ്ട് തരത്തിലാണ് ആളുകള്‍ എടുത്തിരിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

എന്നാല്‍ കൈ പോ ചെ പറയുന്നത് യുവാക്കളുടെ കഥയാണെന്നാണ് അഭിഷേക് കപൂര്‍ പറയുന്നത്. യുവാക്കളുടെ നിഷ്‌കളങ്കതെയെ കുറിച്ചാണ് ചിത്രം പരാമര്‍ശിക്കുന്നത്. അതില്‍ കൂടുതലായൊന്നും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംവിധായകന്‍ ആണയിടുന്നു.