Administrator
Administrator
സോഷ്യല്‍ മീഡിയകളുടെ നിയന്ത്രണത്തെ അനുകൂലിക്കുന്നു: മാര്‍ക്കണ്ഡേയ കട്ജു
Administrator
Tuesday 13th December 2011 12:21am

kadjuന്യൂദല്‍ഹി : ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് അനുകൂലിക്കുന്നതായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തെറ്റായതും സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത ഉളവാക്കുന്നതുമായ പരാമര്‍ശങ്ങള്‍ സൈറ്റുകളില്‍ ചേര്‍ക്കുന്നതുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കപില്‍ സിബല്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതാണ് നിയന്ത്രണത്തിന് കാരണമെന്നും ആരോപണമുണ്ട്. എന്നാല്‍ നിന്ദ്യമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടത്.

ഇത്തരം സൈറ്റുകളില്‍ ചില മതങ്ങളെ അവഹേളിക്കും വിധത്തിലുള്ള ചിത്രങ്ങളും മറ്റും ചേര്‍ക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മതത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ മാത്രമല്ല ആളുകള്‍ തമ്മില്‍ പ്രകോപനം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളും സൈറ്റിലുണ്ട്. ഇത് നല്ല പ്രവണതയല്ല. മതങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കിടയിലും വിദ്വേഷം സൃഷ്ടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement