നാദാപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കാണാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി.

കേസിലെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് നീതി ഉറപ്പാക്കണമെന്ന് ജിഷ്ണുവിന്റെ മാതാവ് മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമപരമായി സാധ്യമായതെല്ലാം കേസില്‍ ചെയ്യുമെന്ന് മന്ത്രി ഉറപ്പു നല്‍കി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പൊലീസിനെതിരായ നടപടി സ്വീകരിക്കുമെന്ന് കടകംപള്ളി വ്യക്തമാക്കി.

 ഡി.ജി.പി ഓഫിസിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ജിഷ്ണുവിന്റെ കുടുംബം മന്ത്രിയോട് പറഞ്ഞു.

ഡിജിപി ഓഫിസിനു മുന്നിലുണ്ടായ സംഭവത്തില്‍ പരുക്കു പറ്റിയ മഹിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെയും മന്ത്രി സന്ദര്‍ശിച്ചു.

അതിനിടെ, ജിഷ്ണു പ്രണോയിയുടെ അനുജത്തി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഉടന്‍ നിര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്നാണ് പൊലീസ് നിലപാട്.

നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജിഷ്ണുവിന്റെ വളയത്തെ വീട്ടിലെത്തിയത്. അവിഷ്ണയ്‌ക്കൊപ്പം ബന്ധുക്കളും കുടുംബശ്രീ പ്രവര്‍ത്തകരും സത്യഗ്രഹമിരിക്കുകയാണ്.

അമ്മ മഹിജ സമരം പിന്‍വലിച്ച ശേഷമേ ഭക്ഷണം കഴിക്കൂവെന്ന ഉറച്ച നിലപാടിലാണ് ജിഷ്ണുവിന്റെ സഹോദരി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ വളയത്തെ വീട്ടില്‍ എത്തുന്നുണ്ട്.