തിരുവനന്തപുരം: ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്തത് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണെന്നും വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

‘നാട്ടുകാരില്‍ ചിലരുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഗുരുതരമായ ക്രമക്കേടുകള്‍ നടത്തുകയും, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാര്‍ത്ഥസാരഥി ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവിലെ നിയമപ്രകാരം ക്ഷേത്രഭരണം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദീര്‍ഘകാല നിയമപോരാട്ടം നടന്നതിനെ തുടര്‍ന്ന് കോടതിയാണ് ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കാന്‍ ഉത്തരവിട്ടത്.’


Also Read: ‘നോട്ടു നിരോധനംകൊണ്ട് ഗുണമുണ്ടായത് ഈ യു.പിക്കാരന്’; പത്തുരൂപ കയ്യിലില്ലാതിരുന്ന ഇയാളിന്ന് 52000 കോടി ആസ്തിയുള്ള കമ്പനി ഉടമ


പൊതുസമൂഹവും വിശ്വാസികളും ഇതിന്റെ യഥാര്‍ത്ഥ വസ്തുത മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭണ്ഡാരത്തിന്റെയും ലോക്കറുകളുടെയും താക്കോല്‍ കൈമാറിയാല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവരുമെന്ന് ഭയന്നാകാം പഴയ ഭരണസമിതി ഭാരവാഹികള്‍ അതിന് തയ്യാറാകാത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഉദ്യേഗസ്ഥരെ തടഞ്ഞ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയപ്പോഴാണ് പൊലീസ് സംരക്ഷണത്തില്‍ ഉത്തരവ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.


Also Read: നിങ്ങളെന്തിനാണ് അദ്ദേഹത്തെ വേട്ടയാടുന്നത്; സ്വന്തം കളിയെ കുറിച്ച് നല്ലബോധ്യമുള്ള താരമാണ് ധോണി; ധോണിയെ സംരക്ഷിച്ച് ക്യാപ്റ്റന്‍ കോഹ്‌ലി


‘ക്ഷേത്രഭരണം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് വിശ്വാസികളും, ക്ഷേത്രജീവനക്കാരും തന്നെയാണ്. ഇത് മറച്ചുവെച്ച് സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുന്നുവെന്നൊക്കെ പ്രചരിപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ? സ്വത്ത് കൈയടക്കാനാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ. കുമ്മനം രാജശേഖരന്‍ അടക്കം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ക്ഷേത്രസ്വത്ത് അന്യാധീനപ്പെട്ട് പോകുന്നത് തടയാനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് ക്ഷേത്രം ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത് എന്നത് മനസിലാക്കണം.’

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ കോടികണക്കിന് രൂപ ഗ്രാന്റ് നല്‍കി സഹായിക്കുന്നത് മറച്ചുവെച്ച് ക്ഷേത്രത്തിലെ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് കൊണ്ടുപോകുന്നുവെന്ന കള്ള പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം അതത് ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുമാണ് ഉപയോഗിക്കുന്നതെന്ന് കടകംപള്ളി വ്യക്തമാക്കി.


Also Read: ചുവന്ന സാരിയുടുത്ത ഫോട്ടോ; ഫാത്തിമ സന ഷെയ്ഖിനോട് മുസ്‌ലീം പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മതമൗലിക വാദികള്‍


ക്ഷേത്രങ്ങള്‍ മാത്രമല്ല നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങളും മുസ്‌ലിം പള്ളികളും തര്‍ക്കത്തേയും സംഘര്‍ഷത്തേയും തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘100 വര്‍ഷത്തോളം പഴക്കമുള്ള കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാഅത്ത് പള്ളി, കക്കോവ് ജുമാമസ്ജിദ്, ചാമപ്പറമ്പ് ജുമാമസ്ജിദ്, തൃക്കുന്നത്ത് പള്ളി, മാമലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളി തുടങ്ങി നിരവധി ദേവാലയങ്ങള്‍ അടച്ചുപൂട്ടിയ സംഭവങ്ങള്‍ക്ക് സാക്ഷികളാണ് നാം. ഇവിടെ ക്രമക്കേട് മൂലം ഭരണം താളം തെറ്റിയ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് നടന്നിരിക്കുന്നത്. സംഘര്‍ഷമേഖലയായി ക്ഷേത്രഭൂമി മാറ്റാന്‍ ശ്രമിക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്.’


Also Read:  ആരു തെറ്റുചെയ്താലും സംരക്ഷിക്കില്ല; കര്‍ശന നടപടിയുണ്ടാകുമെന്നും കോടിയേരി


നിരവധി ക്ഷേത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡ് തുക കൊണ്ടാണ് നിത്യപൂജ നടക്കുന്നതെന്നിരിക്കെ ഒരു നേരം വിളക്ക് തെളിക്കാന്‍ പോലും വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡുകള്‍ ഏറ്റെടുക്കുന്നില്ലെന്നന്ന പ്രചരണം വിവരക്കേടാണെന്നും മന്ത്രി പറയുന്നു.

ദേവസ്വം ഭരണ സമ്പ്രദായം കേരള രൂപീകരണത്തിന് മുമ്പേ നിലവിലുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡുകളാണ് ക്ഷേത്രകാര്യങ്ങളുടെ ചുമതല നിര്‍വഹിക്കുന്നത്. അതിനാല്‍ വര്‍ഗീയവാദികളുടെ ഗീബല്‍സിയന്‍ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.