എഡിറ്റര്‍
എഡിറ്റര്‍
‘കേരള സഹകരണ ബാങ്ക്; നമ്മുടെ സ്വന്തം ബാങ്ക്’; കേരള സഹകരണ ബാങ്കിന് സമയമായെന്ന് കടകം പള്ളി സുരേന്ദ്രന്‍
എഡിറ്റര്‍
Thursday 11th May 2017 9:05pm


തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ പോകുന്ന കേരള സഹകരണ ബാങ്ക് എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കേണ്ട സാഹചര്യമാണ് നിലവിലെ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍വീസ് ചാര്‍ജ് ഈടാക്കാനും മുഷിഞ്ഞ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും മറ്റും ചാര്‍ജുകള്‍ ഈടാക്കാനുമുള്ള എസ്.ബി.ഐ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള സഹകരണ ബാങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ടെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.


Also read ’85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടത് 100 കിലോഗ്രാം പ്ലാസ്റ്റിക്ക് മാത്രം’; കണ്ടെത്തല്‍ സിറിയയില്‍ നിന്ന് (ചിത്രങ്ങള്‍) 


ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. എ.ടി.എം ഇടപാടുകള്‍ക്ക് ഓരോ തവണയും 25 രൂപ ഈടാക്കാനുള്ള തീരുമാനം ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രതിഷേധവും, ജനവികാരവും കണക്കിലെടുത്താണ് പിന്‍വലിച്ചതെന്നും മന്ത്രി പറഞ്ഞു.

എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ പലരും അതെന്തിനാണ് എതിര്‍ക്കുന്നതെന്ന സംശയം ഉന്നയിച്ചിരുന്നെന്ന് പറഞ്ഞ അദ്ദേഹം ലയനശേഷമുള്ള എസ്.ബി.ഐയുടെ തീരുമാനങ്ങള്‍ തന്നെയാണ് അവര്‍ക്കുള്ള മറുപടിയെന്നും ബാങ്കിംഗ് മേഖലയെ സ്വകാര്യകുത്തകകള്‍ക്ക് അടിയറവ് വെക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് നിലവിലെ തുഗ്ലക് പരിഷ്‌കാരങ്ങള്‍ക്ക് പിന്നിലെന്നത് തള്ളിക്കളയാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.


Dont miss എസ്.ബി.ഐ അക്കൗണ്ടുകള്‍ എങ്ങിനെ ക്ലോസ് ചെയ്യാം


കേരളത്തിന് സ്വന്തമായി സഹകരണ മേഖലയില്‍ ആധുനിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ബാങ്ക് ആരംഭിക്കണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിനെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനം ജനങ്ങളുടെ പ്രതീക്ഷ കണക്കിലെടുത്ത് കേരളാ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് പോകുകയാണെന്നും പറഞ്ഞ മന്ത്രി എല്ലാവരും ഒറ്റക്കെട്ടായി ഇതിനൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 
കേരള സഹകരണ ബാങ്കിന് സമയമായി. സഹകരണ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ പോകുന്ന കേരള സഹകരണ ബാങ്ക് കഴിയുന്നത്ര വേഗം യാഥാര്‍ത്ഥ്യമാക്കേണ്ട സാഹചര്യം ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്ന ഓരോ തവണയും 25 രൂപ ഫീസായി ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രതിഷേധവും, ജനവികാരവും കണക്കിലെടുത്താണ് പിന്‍വലിച്ചത്.

എന്നാല്‍, മറ്റ് പല രീതിയില്‍ ഉപഭോക്താക്കളില്‍ നിന്ന് സാധാരണ സേവനങ്ങള്‍ക്ക് അനാവശ്യമായി പണം ഈടാക്കുന്ന സാഹചര്യം തുടരുകയാണ്. എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ പലരും അതെന്തിനാണ് എതിര്‍ക്കുന്നതെന്ന സംശയം ഉന്നയിച്ചിരുന്നു.

ലയനശേഷമുള്ള എസ്.ബി.ഐയുടെ തീരുമാനങ്ങള്‍ തന്നെയാണ് അവര്‍ക്കുള്ള മറുപടി. ബാങ്കിംഗ് മേഖലയെ സ്വകാര്യകുത്തകകള്‍ക്ക് അടിയറവ് വെക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് നിലവിലെ തുഗ്ലക് പരിഷ്‌കാരങ്ങള്‍ക്ക് പിന്നിലെന്നത് തള്ളിക്കളയാനാകില്ല.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളെ ഇല്ലായ്മ ചെയ്യാന്‍ നടത്തിയ നീക്കങ്ങളെ ഇതുമായി കൂട്ടിവായിക്കണം. എന്തായാലും, കേരളത്തിന് സ്വന്തമായി സഹകരണ മേഖലയില്‍ ആധുനിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ബാങ്ക് ആരംഭിക്കണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിനെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.

നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനം ജനങ്ങളുടെ പ്രതീക്ഷ കണക്കിലെടുത്ത് കേരളാ ബാങ്ക് എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് പോകുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി ഇതിനൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
‘കേരള സഹകരണ ബാങ്ക് ; നമ്മുടെ സ്വന്തം ബാങ്ക്’

 

Advertisement