Categories

‘പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം?’; ഇ. ശ്രീധരനെ മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുപ്പിക്കുമെന്ന് കുമ്മനം പറഞ്ഞത് അല്‍പ്പത്തരമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ പങ്കെടുപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത് അല്‍പ്പത്തരമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്നും കടകംപള്ളി ചോദിച്ചു.


Also Read: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായി: കെ. അജിത


മുഖ്യമന്ത്രിയുടെ ഓഫീസ് പറയും മുന്‍പാണ് കുമ്മനം ഇക്കാര്യം അറിയിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇരിപ്പിടം അനുവദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ പട്ടിക പുറത്തിറക്കേണ്ടി വന്നത്.

 

അതേസമയം സ്ഥലം എം.എല്‍.എയ്ക്ക് വേദിയില്‍ ഇരിക്കാന്‍ അനുമതിയില്ല. മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചിരുന്നു. ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എം.എല്‍.എയേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.


Don’t Miss: തേപ്പ് പാട്ടും ഗോപീ സുന്ദര്‍ കോപ്പിയടിച്ചതെന്ന് സോഷ്യല്‍ മീഡിയ; അടിച്ചുമാറ്റിയത് കോപ്പിയടിയുടെ ‘ആശാന്റെ’ സിനിമയില്‍ നിന്ന്


ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്. ശ്രീധരനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നുമായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്. മോദിയുടെ സുരക്ഷാ ഏജന്‍സി തീരുമാനിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ നടക്കണമെന്നും ക്ഷണിച്ചില്ലെങ്കിലും ഉദ്ഘാടന ചടങ്ങ് കാണാന്‍ താനുണ്ടാകുമെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചിരുന്നു.