ന്യൂദല്‍ഹി: യു.എന്‍ സംഘടിപ്പിക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കാനായി ചൈനയിലേക്ക് പോകാന്‍ തനിക്ക് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പക്ഷപാതിത്വം മൂലമാണെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. വിദേശകാര്യ മന്ത്രാലയത്തെ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ്. ഇത്തരം നടപടികള്‍ നാടിനു ഗുണം ചെയ്യില്ലെന്നും നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കാരണം വ്യക്തമാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ കടകംപളളിയുടെ ചൈനായാത്ര വിലക്കിയത്.യു.എന്‍. സംഘടിപ്പിക്കുന്ന യാത്രയില്‍ കേരളത്തെ നയിക്കേണ്ടിയിരുന്നത് കടകംപള്ളിയായിരുന്നു.ഈ മാസം 11 മുതല്‍ 16 വരെയായിരുന്നു ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗം നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.


Also read ‘ചെറിയവരാണ് മതത്തെ വിദ്വേഷത്തിന്റെ ഉപകരണമാക്കുന്നത്’; ഓണത്തിന് ബീഫ് കഴിച്ചതിന് സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാറിന് സുരഭിയുടെ കിടിലന്‍ മറുപടി


അതേസമയം യാത്രയ്ക്ക് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. മന്ത്രിയ്ക്ക് അനുമതി നിഷേധിച്ചതായി അറിവില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
വിദേശയാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള്‍ പരിഗണിച്ച ശേഷമാണെന്നും സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നത തലത്തിലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.